കാനഡ സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച എഡ്മന്റണില്‍ തുറന്ന വേദിയില്‍ മാര്‍പാപ്പ അര്‍പിച്ച കുര്‍ബാനയില്‍ അരലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു. സെന്റ് ആനിയുടെ തിരുനാള്‍ ദിനത്തില്‍ കോമണ്‍വെല്‍ത്ത് സ്‌റ്റേഡിയത്തില്‍ ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കുര്‍ബാനയില്‍ തദ്ദേശീയ ഗ്രൂപ്പുകള്‍, റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പീഡനങ്ങളില്‍ അതിജീവിച്ചവര്‍, കത്തോലിക്ക, സഭാ വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സെന്റ് ആനിയുടെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുന്നതിനായി മാര്‍പാപ്പ ലാക് സ്റ്റേയിലുമെത്തി. തദ്ദേശിയര്‍ക്ക് പ്രധാനപ്പെട്ടയിടമാണ് ലാക് സ്റ്റേ. ഇവിടെയും മാര്‍പാപ്പയെ കാണാനായി നൂറുകണക്കിന് പേരാണ് എത്തിയത്. പള്ളിയിലെ ശുശ്രൂകള്‍ക്കിടെ ജനങ്ങളെ മാര്‍പാപ്പ നകോറ്റ, ക്രീ, ബ്ലാക്ക്ഫൂട്ട് എന്നീ മൂന്ന് ഫസ്റ്റ്‌നേഷന്‍സ് ഭാഷകളില്‍ അഭിസംബോധന ചെയ്തു. ഒരു തീര്‍ത്ഥാടകനായാണ് താന്‍ ഇവിടേക്ക് വന്നതെന്ന് പറഞ്ഞ മാര്‍പാപ്പ തനിക്കും സഭയ്ക്കും ഏറെ വിലപ്പെട്ടവരാണ് തദ്ദേശീയരെന്ന് പറഞ്ഞു.
''നിങ്ങളില്‍ പലരും ധരിക്കുന്ന നിറമുള്ള ബാന്‍ഡുകളുടെ നൂലുകള്‍ പോലെ പള്ളി നിങ്ങളുമായി ഇഴചേര്‍ന്നിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്''- മാര്‍പാപ്പ പറഞ്ഞു.
എഡ്മന്റണിലെ കുര്‍ബാനയില്‍ ലക്ഷക്കണക്കിന് പേരെ അഭിസംബോധന ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ലാക് സ്‌റ്റേയില്‍ തദ്ദേശീയരുമായി മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ച. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ തദ്ദേശീയരായവര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തിയിട്ടും കുര്‍ബാനയില്‍ തദ്ദേശീയരെയോ അവരുടെ പാരമ്പര്യങ്ങളെയോ മാര്‍പാപ്പ അധികം അഭിസംബോധന ചെയ്തിരുന്നില്ല. പിന്നീട് ലാക് സ്റ്റേയിലെത്തിയ മാര്‍പാപ്പ തദ്ദേശീയര്‍ക്കിടയില്‍ കൂടുതല്‍ സമയം ചെലവിട്ടു.