ഷോപ്പിഫൈ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു 

By: 600002 On: Jul 27, 2022, 6:32 AM

 

കനേഡിയന്‍ ടെക് ഭീമനായ ഷോപ്പിഫൈ തങ്ങളുടെ 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതായി അറിയിച്ചു. ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ചയില്‍ കമ്പനിക്ക് കാര്യക്ഷമമായ വളര്‍ച്ച കൈവരിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികളെ പിരിച്ചുവിടുന്നതായി സിഇഒ ടോബി ലൂട്ട്‌കെ അറിയിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരി 14 ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയുടെ ഓഹരി വില 40.69 ഡോളറിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. 

റിക്രൂട്ട്‌മെന്റ്, സപ്പോര്‍ട്ട്, സെയില്‍സ് എന്നീ മേഖലയിലുണ്ടായ ഇടിവ് ഭൂരിഭാഗം ജീവനക്കാരെയും ബാധിച്ചതായി ലുട്ട്‌കെ തന്റെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. അതേസമയം, എത്ര ജീവനക്കാരെ പിരിച്ചുവിട്ടു എന്നത് സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. കമ്പനിയുടെ മാനേജ്‌മെന്റ് സര്‍ക്കുലറില്‍ പറയുന്നത് പ്രകാരം കഴിഞ്ഞവര്‍ഷം ജോയിന്‍ ചെയ്ത 3,000 പേര്‍ ഉള്‍പ്പെടെ 10,000 ജീവനക്കാരുടെയും കോണ്‍ട്രാക്‌റ്റേഴ്‌സിന്റെയും കാലാവധി 2021 ല്‍ അവസാനിച്ചുവെന്നാണ്. കമ്പനിയുടെ പത്ത് ശതമാനം എന്നത് 1000 തൊഴിലാളികള്‍ ഉള്‍പ്പെടുന്നതാണ്.  

പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് കരിയര്‍ കോച്ചിംഗ്, ഇന്റര്‍വ്യൂവിംഗ് സപ്പോര്‍ട്ട്, റെസ്യൂം ക്രാഫ്റ്റിംഗ് തുടങ്ങിയ സേവനങ്ങള്‍ കമ്പനി ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ഈ കാലയളവില്‍ അവരുടെ ഇന്റര്‍നെറ്റ് ചെലവുകളും ഷോപ്പിഫൈ വഹിക്കുമെന്ന് കമ്പനി അറിയിച്ചു.