ഡാളസ് ലൗ ഫീൽഡ് വിമാനത്താവളത്തില്‍ വെടിവെപ്പ് നടത്തിയ യുവതിയെ വെടിവെച്ചു വീഴ്ത്തി

By: 600084 On: Jul 26, 2022, 4:56 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്: ഡാളസ് ലൗ ഫീൽഡ് വിമാനത്താവളത്തില്‍ നിരവധി റൗണ്ട് മുകളിലേക്കു വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ  സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു വീഴ്ത്തി. ടിക്കറ്റ് കൗണ്ടറിനു മുന്പിലായിരുന്നു സംഭവം .37 വയസുകാരിയായ പോര്‍ട്ടിയ ഒഡുഫുവയാണ് വിമാനത്താവളത്തില്‍ വെടിവെപ്പ് നടത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയുടെ കാലിന് വെടിവെച്ച് വീഴ്ത്തി. തുടർന്ന്   ഇവരെ പാര്‍ക്ക് ലാന്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമന്നു ഡാളസ് ചീഫ് ഓഫ് പോലീസ് എഡി ഗാർസിയ പറഞ്ഞു  . മണിക്കൂറുകളോളം തടസപ്പെട്ട വ്യോമഗതാഗതം പിന്നീട് പുനസ്ഥാപിച്ചു.ഡാളസ് സമയം രാവിലെ 11 മണിയോടെയാണ് യുവതി വിമാനത്താവളത്തിലെത്തിയത്.

റെസ്റ്റ് റൂമില്‍ കയറി വസ്ത്രങ്ങള്‍ മാറിയശേഷം പുറത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നു എന്നു വിളിച്ചു പറഞ്ഞ ശേഷമാണ് യുവതി വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുവതിയുടെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് ആര്‍ക്കും പരിക്കില്ല.. സംഭവത്തെ കുറിച്ച്  പൊലീസ് അന്വേഷണം ആരംഭിച്ചു..വിമാനത്താവളത്തിലെ സ്ഥിതി പെട്ടന്നു പുനഃസ്ഥാപിച്ചു .