പീസ് ബ്രിഡ്ജിന്റെ ഗ്ലാസുകള്‍ തകര്‍ത്ത സംഭവം: 1 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം; പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: Jul 26, 2022, 12:09 PM

കഴിഞ്ഞ ദിവസം കാല്‍ഗറിയില്‍ ബോ നദിക്ക് കുറുകെയുള്ള പീസ് ബ്രിഡ്ജ് കേടുപാട് വരുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബ്രിഡ്ജിലെ 72 ഗ്ലാസ് സൈഡ് പാനലുകലാണ് അജ്ഞാതന്‍ തകര്‍ത്തത്. 1 മില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. 

ചുറ്റിക, റീബാര്‍, ഇഷ്ടിക തുടങ്ങിയവ വെച്ച് അജ്ഞാതന്‍ പാലത്തിന്റെ ഭാഗങ്ങളില്‍ ഇടിച്ച് കേടുപാടുകള്‍ വരുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. ബ്രിഡ്ജിലൂടെ നടന്ന ഇയാളുടെ കയ്യില്‍ ഒരു ഷോപ്പിംഗ് കാര്‍ട്ടുമുണ്ടായിരുന്നു. ഇത് ഇയാള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞ് അടുത്തുള്ള സണ്ണിസൈഡിലേക്ക് ഓടി രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ജൂണ്‍ മാസത്തില്‍ ഗ്ലാസ് പാളി പൊട്ടിച്ചയാള്‍ തന്നെയാണ് ഇപ്പോള്‍ നടന്ന സംഭവത്തിനും ഉത്തരവാദിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

ഏകദേശം, 50 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ളയാളാണ് പാലം കേടുപാട് വരുത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.