ആരോഗ്യ പരിപാലന രംഗത്തെ ജീവനക്കാരുടെ കുറവും കോവിഡ് വേനല്‍ക്കാല തരംഗത്തിലേക്ക് കടന്നതും കാനഡയിലുടനീളമുള്ള ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയാണ്. പ്രതിസന്ധിയിലായ മിക്ക ആശുപത്രികള്‍ക്കും അത്യാഹിത വിഭാഗങ്ങളുടെ സമയം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായോ ഭാഗികമായോ അടച്ചിടേണ്ടി വരികയോ ചെയ്യുന്നുണ്ട്. താല്‍ക്കാലികമായാണ് അടച്ചിടേണ്ടി വരുന്നതെങ്കിലും രോഗികളെ ഇത് സാരമായി തന്നെ ബാധിക്കുന്നുമുണ്ട്. ചിലയിടങ്ങളില്‍ അത്യാഹിത വിഭാഗങ്ങളില്‍ രോഗികള്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ചില രോഗികള്‍ക്ക് എമര്‍ജന്‍സി റൂം ഇപ്പോഴും ലഭ്യമായ ഒരേയൊരു ഓപ്ഷനാണെന്ന് അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നു. എപ്പോള്‍ ഏത് അവസ്ഥയില്‍ എമര്‍ജന്‍സി റൂം സന്ദര്‍ശിക്കാം എന്നത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ ചില കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ആശുപത്രികള്‍ അഭിമുഖീകരിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അടിയന്തര വൈദ്യ സഹായം ആവശ്യമുള്ളപ്പോള്‍ അത്യാഹിത വിഭാഗത്തിലെത്താന്‍ പരമാവധി ശ്രമിക്കണമെന്ന് ടൊറന്റോ യൂണിവേഴ്സിറ്റി ഹെല്‍ത്ത് നെറ്റ്വര്ക്കിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ലൂക്കസ് ചാര്‍ട്ടിയര്‍ പറയുന്നു. എപ്പോള്‍ അത്യാഹിത വിഭാഗത്തിലേക്ക് പോകണം എന്നത് സംബന്ധിച്ച് മാനദണ്ഡങ്ങളൊന്നുമില്ലെങ്കിലും സാധാരണഗതിയില്‍, കടുത്ത ശ്വാസ തടസ്സം അല്ലെങ്കില്‍ ഗുരുതരമായ, അനിയന്ത്രിതമായ രക്തസ്രാവം പോലുള്ള സാഹചര്യങ്ങളില്‍ അടിയന്തര പരിചരണം തേടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
ഇനി ഒരു രോഗി തനിക്ക് എവിടെയാണ് പരിചരണം ലഭിക്കേണ്ടത് എന്ന ഉറപ്പില്ലാതെയാകുമ്പോള് 811 എന്ന നമ്പറില്‍ ടെലിഹെല്‍ത്ത് ഹോട്ട്ലൈനില്‍ വിളിച്ച് അവരുടെ സംശയം ദൂരീകരിക്കാമെന്ന് ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ എമര്‍ജന്‍സി മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍ ഡോ. ബില്‍ സെവ്സിക് നിര്‍ദ്ദേശിക്കുന്നു. മിക്ക പ്രവിശ്യകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ട്ലൈനുകളില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍ രോഗികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മറ്റ് സേവനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ ഒരു രോഗിക്ക് എപ്പോള്‍ എങ്ങനെ ചികിത്സ ലഭ്യമാകുമെന്ന വിവരം കൃത്യമായി അറിയാന്‍ സാധിക്കും. ഗുരുതരമല്ല എങ്കില്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറേണ്ട കാര്യമില്ല എന്നാണ് മിക്ക ഡോക്ടര്‍മാരുടെയും അഭിപ്രായം.
കാനഡയില്‍ മാത്രമല്ല മിക്ക രാജ്യങ്ങളും നേരിടുന്ന പ്രധാന പ്രശ്നമാണ് ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ്. എങ്കിലും യൂറോപ്പ്, യുഎസ്, ഓസ്ട്രേലിയ എന്നിവ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ സമയബന്ധിതമായി ഡോക്ടര്‍മാരുടെ നിയമനത്തിന്റെ കാര്യത്തില്‍ കാനഡ രണ്ടാം സ്ഥാനത്താണ്.