കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് പഠനത്തില്‍ തടസ്സം നേരിട്ട വിദ്യാര്‍ത്ഥികള്‍ക്കായി ബാക്ക്-ടു-സ്കൂള്‍ പദ്ധതിയുമായി ഒന്റാരിയോ സര്‍ക്കാര്‍. ഓഫ്ലൈന് ആയി ഫുള്‍ സ്കൂള്‍ എക്സിപീരിയന്സിനായി വിദ്യാര്‍ത്ഥികളെ ക്ലാസ്റൂമിലേക്ക് തിരികെ കൊണ്ടുവരുന്നതിനാണ് പദ്ധതി പ്രാഥമികമായി ലക്ഷ്യം വെക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ വ്യക്തമാക്കി. തങ്ങളുടെ കുട്ടിക്ക് ഏറ്റവും മികച്ച ഓപ്ഷനായി കരുതുന്ന രക്ഷിതാക്കള്‍ക്കായി വിദൂര പഠനത്തിനുള്ള ഓപ്ഷന് ലഭ്യമാക്കാനും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൃത്യസമയത്ത് വ്യക്തിഗത പഠനത്തിലേക്കുള്ള തിരിച്ചുവരവോടെയാണ് പദ്ധതി ആരംഭിക്കുന്നത്. കൂടാതെ, സ്പോര്‍ട്സ്, ക്ലബുകള്‍, ഫീല്‍ഡ് ട്രിപ്പുകള്‍ തുടങ്ങിയവ പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ലെക്സെ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചൊരു അനുഭവമായിരിക്കും ഇതിലൂടെ സാധ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ മറ്റൊരു തരംഗം പ്രവിശ്യയിലുണ്ടായാല് വര്‍ഷം മുഴുവന്‍ വ്യക്തിഗത പഠനം എങ്ങനെ തുടരാമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കി കഴിഞ്ഞു. ക്ലാസ്മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുക, HEPA ഫില്‍ട്ടര്‍ യൂണിറ്റുകള്‍, ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ നല്കല്, ഓണ്‍ലൈന്‍ പഠനച്ചെലവ് നികത്താന്‍ രക്ഷിതാക്കള്‍ക്ക് ധനസഹായം തുടങ്ങിയ നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഡിസംബര്‍ 31 വരെ സ്കൂളുകളിലും തെരഞ്ഞെടുത്ത ജോലിസ്ഥലങ്ങളിലും റാപ്പിഡ് ടെസ്റ്റുകള്ഡ തുടരുമെന്ന് ഈമാസം ആദ്യം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കീരന് മൂര്‍ അറിയിച്ചിരുന്നു. 2022-23 അധ്യയന വര്‍ഷത്തിലും ഇതേ നടപടികള്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അധിക ട്യൂട്ടറിംഗ്, പുതിയ സ്കൂളുകള്‍ നിര്‍മിക്കാനുള്ള ധനസഹായം, മാനസികാരോഗ്യ പിന്തുണ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി https://files.ontario.ca/edu-plan-to-catch-up-en-2022-07-25.pdf?utm_source=newsroom&utm_medium=email&utm_campaign=%2Fen%2Frelease%2F1002204%2Fontario-launches-its-plan-to-catch-up&utm_term=media സന്ദര്‍ശിക്കുക.