കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നടന്ന അതിക്രമങ്ങളിലും ചൂഷണങ്ങളിലും കത്തോലിക്കാ സഭയുടെ പങ്കിന് പരസ്യമായി ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആല്‍ബെര്‍ട്ടയിലെ മാസ്‌ക്‌വാസിസിലെ എര്‍മിന്‍സ്‌കിന്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലാണ് മാര്‍പാപ്പയുടെ പരസ്യ ക്ഷമാപണം. തിങ്കളാഴ്ച കമ്യൂണിറ്റിയുടെ പൗവ് ഗ്രൗണ്ടില്‍ തദ്ദേശീയരായ കമ്യൂണിറ്റി അംഗങ്ങളോടും റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പീഡനങ്ങളിലെ അതീജിവിതരോടും അദ്ദേഹം സംസാരിച്ചു.
''ഞാന്‍ ഇവിടെയുണ്ട്, നിങ്ങള്‍ക്കിടയിലൂടെയുള്ള എന്റെ പശ്ചാത്താപ തീര്‍ത്ഥാടനത്തിന്റെ ആദ്യപടിയായി വീണ്ടും ക്ഷമ ചോദിക്കുന്നു. ഈ സംഭവങ്ങളില്‍ എന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഖേദകരമെന്നു പറയട്ടെ, തദ്ദേശീയരായ ജനങ്ങളെ അടിച്ചമര്‍ത്തുന്ന ശക്തികളുടെ കോളനിവല്‍ക്കരണ മാനസികാവസ്ഥയെ ക്രിസ്റ്റ്യന്‍ സമൂഹത്തിലെ പലരും പിന്തുണച്ചതില്‍ ഖേദിക്കുന്നു, എന്നോട് ക്ഷമിക്കൂ''- തന്റെ ഔദ്യോഗിക ക്ഷമാപണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ വാക്കുകള്‍ ജനക്കൂട്ടം വികാരഭരിതരായാണ് കേട്ടുകൊണ്ടിരുന്നത്. ചിലര്‍ കയ്യടിച്ചു, ചിലരുടെ കണ്ണുകള്‍ ഈറനണിഞ്ഞു, ചിലര്‍ മാര്‍പാപ്പയുടെ വാക്കുകള്‍ കേട്ട് കണ്ണുകള്‍ അടച്ചു.
തദ്ദേശീയരായ ജനങ്ങളോടുള്ള ക്രൈസ്തവ സമുദായത്തിന്റെ ചെയ്തികള്‍ പൊറുക്കാനാകാത്തതാണ്. അവര്‍ ചെയ്ത തിന്മയ്ക്ക് താന്‍ വിനയപൂര്‍വ്വം ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മാര്‍പാപ്പയുടെ പ്രഥമ ഭാഷയായ സ്പാനിഷില്‍ ആയിരുന്നു മാപ്പപേക്ഷ. ഇത് ഒരു വൈദികന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. കൂടാതെ, നിരവധി തദ്ദേശീയ ഭാഷകളില്‍ ജനങ്ങള്‍ക്ക് മാര്‍പാപ്പയുടെ വാക്കുകള്‍ വിവര്‍ത്തനം ചെയ്തു നല്‍കി.