കേരളത്തിൽ അനധികൃത റിക്രൂട്ടിങ് ഏജൻസി തട്ടിയെടുത്തത് 45 ലക്ഷത്തോളം രൂപ

By: 600021 On: Jul 26, 2022, 3:17 AM

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യൂറോപ്യൻ രാജ്യങ്ങളിലേക്കു പോകുന്നവരെ വഞ്ചിക്കാൻ ലക്ഷ്യമിടുന്ന അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടികളും പരിശോധനകളും ഊർജിതമാക്കി.  ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ റിക്രൂട്മെന്റ് ഏജൻസികളെ കുറിച്ചും വ്യക്തികളെ കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
 
പ്രായം കൂടുതൽ ഉള്ളവർക്കും, ഐ.ഇ.എൽ.ടി.എസ് ഇല്ലാത്തവർക്കും കാനഡയിൽ കാർഷിക മേഖലയിലും, ഹോട്ടൽ രംഗത്തും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ക്കു സമീപം പ്രവർത്തിക്കുന്ന പെന്റാ ഓവർസീസ് റിക്രൂട്മെന്റ് എന്ന സ്ഥാപനത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 24 ഉദ്യോഗാർഥികളിൽ നിന്നായി ഏകദേശം 45 ലക്ഷം രൂപ തട്ടിയെടുത്തതായാണു പരാതി. വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളാണ് തട്ടിപ്പിനിരയായത്. ഈ ഏജൻസിക്ക് ജില്ലയിൽ മറ്റിടങ്ങളിലും ശാഖകൾ ഉണ്ടെന്നാണു വിവരം.സമാനമായ രീതിയിൽ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വരാപ്പുഴയിലും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
പഠനത്തോടൊപ്പം സ്റ്റേബാക്ക്, പെർമനന്റ് റസിഡന്റ് കാർഡ് എന്നിവയൊക്കെ വാഗ്ദാനം ചെയ്താണു തട്ടിപ്പു നടക്കുന്നത്.  സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രമേ വിദ്യാർഥികളും ഉദ്യോഗാർഥികളും പണം നൽകാനും നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാൻ പാടുള്ളൂ എന്ന് പോലീസ് പറയുന്നു.