
ടൊറന്റോയിൽ രണ്ടാഴ്ച്ച മുൻപ് കാണാതായ 76 വയസുള്ള പോർച്ചുഗീസുകാരനെ കണ്ടെത്താൻ പൊതുജനങ്ങളോട് പോലീസ് സഹായമഭ്യർത്ഥിക്കുന്നു. 40 വർഷത്തിലേറെയായി പടിഞ്ഞാറൻ ടൊറന്റോയിലെ ഓക്ക്‌വുഡ്-വോൺ പ്രദേശത്ത് താമസിക്കുന്ന അന്റോണിയോ മഡെയ്‌റയെ ജൂലൈ 12 ചൊവ്വാഴ്ച മുതലാണ് കാണാതായത്. അന്ന് രാവിലെ 10:30 നും 11 നും ഇടയിൽ, വിനോന ഡ്രൈവിനും മൾബറി ക്രസന്റിനും സമീപമായിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത്.
അഞ്ചര അടി ഉയരവും 150 പൗണ്ട് തൂക്കവും മെലിഞ്ഞ ശരീര പ്രകൃതിയും കഷണ്ടിയും വെളുത്ത താടിയും ഉള്ള മഡെയ്‌റ പലപ്പോഴും കൈകൾ പുറകിൽ കെട്ടി തളർച്ചയുള്ളതുപോലെയാണ് നടക്കുന്നത്. ഓരോ കൈയിലും വലിയ വെള്ള വരയുള്ള ഇരുണ്ട നിറമുള്ള ജാക്കറ്റ്, ഇളം കാക്കി പാന്റ്‌സ്, വെള്ള അല്ലെങ്കിൽ ഇളം നിറമുള്ള ഷൂസ്, ബഹുവർണ്ണ ബേസ്ബോൾ തൊപ്പി എന്നിവയായിരുന്നു കാണാതാകുമ്പോൾ അദ്ദേഹത്തിന്റെ വേഷം.
പ്രദേശത്ത് താമസിക്കുന്ന ആളുകൾ തങ്ങളുടെ സി.സി.ടി.വി, ഡോർ ക്യാം/ഡാഷ്‌ക്യാം ഫൂട്ടേജുകൾ പരിശോധിക്കാനും യാർഡുകൾ, ഗാരേജുകൾ, ഫാക്ടറികൾ പോലുള്ള അപ്രതീക്ഷിത സ്ഥലങ്ങളിലും അദ്ദേഹത്തിനായി തിരച്ചിൽ നടത്താനും പോലീസ് നിർദേശിച്ചു. പോർച്ചുഗീസ്, സ്പാനിഷ്, ഇറ്റാലിയൻ ഭാഷകൾ സംസാരിക്കുന്ന മഡെയ്‌റക്ക് ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതും അദ്ദേഹത്തെ കണ്ടെത്തുന്നതിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
മഡെയ്‌റയെ പറ്റി എന്തെങ്കിലും വിവരങ്ങൾ ലഭ്യമായവർ 416-808-1300 എന്ന നമ്പറിലോ അജ്ഞാതമായി വിവരങ്ങൾ കൈമാറുന്നതിന് 416-222-8477എന്ന നമ്പറിലോ അല്ലെങ്കിൽ
www.222tips.com ലൂടെയോ ബന്ധപ്പെടേണ്ടതാണ്. അല്ലെങ്കിൽ അദ്ദേഹത്തിന്റെ മകൻ മൈക്കൽ മഡെയ്‌റയെ 647-282-8439 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാം.