'ആരാധനക്കും, ആത്മീയതക്കും വിലപറയന്നവർ വിലയില്ലാത്തവരായിത്തീരുമെന്ന് സുബി പള്ളിക്കൽ'

By: 600084 On: Jul 25, 2022, 5:28 PM

ഡാലസ് : ആരാധനക്കും, ആത്മീയതക്കും, ആലയത്തിനും വിലപറയന്നവർ വിലയില്ലാത്തവരായിത്തീരുമെന്നു സുവിശേഷം നമ്മെ  പഠിപ്പിക്കുന്നതായി ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദായുടെ ജീവിതത്തെ ആസ്പദമാക്കി മാർത്തോമ സഭയിലെ സുശേഷ പ്രാസംഗികനും മാർത്തോമാ സുവിശേഷ സംഘം മാനേജിങ് കമ്മിറ്റി അംഗവുമായ സുബി പള്ളിക്കൽ പറഞ്ഞു.

കൃസ്‌തീയ സമൂഹത്തിൽ ഇത്തരക്കാർ വർധിച്ചു വരുന്നുവെന്നതു ആപത്കരമാണ് ഇവരെ തിരിച്ചറിഞ്ഞു നേരായ പാതയിലേക്ക് നയിക്കേണ്ടത് ദൈവമക്കളുടെ ഉത്തരവാദിത്വമാണ്. യൂദാ ആലയത്തിനുംആത്മീയാചാര്യനും ആരാധനക്കും വിലപറഞ്ഞവനാണ്. അതുകൊണ്ടാണ് യൂദായുടെ ജീവിതം വിലയില്ലാതായി തീർന്നതെന്നും ആമുഖമായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാളസ് സെൻറ് പോൾസ് മാർത്തോമാ ഇടവകയുടെ മുപ്പത്തിനാലാം വാർഷിക സമ്മേളനത്തിന്റെയും കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്നിരുന്ന സുവിശേഷ കൺവെൻഷന്റെയും സമാപന യോഗത്തിൽ വചന പ്രഘോഷണം നടത്തുകയായിരുന്നു സുബി പള്ളിക്കൽ.

ജൂലൈ 24 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന മുപ്പത്തിനാലാമതു വാർഷിക സമ്മേളനത്തിൽ ഇടവക വികാരി ഷൈജു പി ജോയ് അധ്യക്ഷത വഹിച്ചു. അലക്സ് കോശിയുടെ പ്രാരംഭ പ്രാർത്ഥനയോടെ വാർഷിക സമ്മേളനത്തിന് ആരംഭം കുറിച്ചു സെക്രട്ടറി ഫിൽ മാത്യു ഇടവകയുടെ കഴിഞ്ഞ മുപ്പത്തിനാലു വർഷങ്ങളിൽ ഇടവകയ്ക്ക് ലഭിച്ച ആത്മീയ-ഭൗതിക വളർച്ചയെക്കുറിച്ചും അനുഗ്രഹങ്ങളെ കുറിച്ചും വിശദീകരിക്കുന്ന റിപ്പോർട്ട് വായിച്ചു.

ഇടവകയുടെ ആത്മീയ വളർച്ച കൊണ്ട് വിവക്ഷിക്കുന്നത് കല്ലും മരവും കൊണ്ട് കെട്ടിയുയർത്തിയ ആരാധനാലയത്തിന്റെ മനോഹാരിതയല്ല, മറിച്ച് ഇടവകയിലെ എത്രപേർ യഥാർത്ഥമായി രക്ഷകനായ യേശുവിനെ കണ്ടെത്തുകയും ജീവിതത്തിൽ ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായ സ്വീകരിക്കുകയും അത് ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് അച്ഛൻ പറഞ്ഞു.

ഇടവകയിലെ കൂടുതൽ യവ്വനക്കാർ സുവിശേഷക വേലക്കായി പ്രതിഷ്ഠിക്കപ്പെടണമെന്നും അച്ചന് ഉദ്‌ബോധിപ്പിച്ചു. തുടർന്ന് യെശയ്യാവ് നാല്പതാം അധ്യായം അഞ്ചാമത്തെ വാക്യത്തെ അധികരിച്ച് സുബി പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി.

പാപം മനുഷ്യജീവിതത്തിൽ എന്തെല്ലാം നഷ്ടങ്ങൾ വരുത്തുന്നു എന്നതിനെക്കുറിച്ച് സുബി വിശദീകരിച്ചു. പാപം ആത്മീയ സന്തോഷം നഷ്ടപ്പെടുത്തുന്നു, പാപം മനുഷ്യൻറെ ദർശനം നഷ്ടപ്പെടുത്തുന്നു, പാപം മനുഷ്യന്റെ ബലം നഷ്ടപ്പെടുത്തുന്നുവെന്നു. ദൈവവചനത്തിലെ വിവിധ വ്യക്തികളുടെ ജീവിതത്തെ ആധാരമാക്കി അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ടു നമ്മുടെ പാപം ഏറ്റു പറഞ്ഞ ദൈവത്തിന് മഹത്വം കൊടുക്കുകയും ദൈവ ക്രപയിലേക്കു മടങ്ങി വരികയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

പാപം ചെയ്യുന്നവർ അതിനു  വലിയ വില കൊടുക്കേണ്ടി വരും, നമ്മുടെ പാപങ്ങൾക്കു പരിഹാരമായി പിതാവായ ദൈവം നൽകിയ വില തന്റെ ഏകജാതനായ പുത്രനെ കുരിശൂ മരണത്തിന് ഏൽപ്പിച്ചുകൊണ്ടായിരുന്നുവെന്നും സുബി പള്ളിക്കൽ ചൂണ്ടിക്കാട്ടി.

ഇടവക ട്രസ്റ്റി ജോൺ ഉമ്മൻ നന്ദി പറഞ്ഞു. ജോൺ തോമസിന്റെയും ലിജി സ്കറിയായുടെയും നേതൃത്വത്തിലുള്ള ഗായകസംഘം മനോഹരമായ ഗാനങ്ങൾ ആലപിച്ചത് കൺവെൻഷൻ കൂടുതൽ അനുഗ്രഹത്തിന് മുഖാന്തിരമായി. തുടർന്ന് സ്തുതിപ്പിൻ സ്തുതിപ്പിൻ യേശു ദേവനെ എന്ന ഗാനത്തോടെ വാർഷിക സമ്മേളനവും ഇടവക കൺവെൻഷനും സമാപിച്ചു.