
കോഴിക്കോട് ഏഴ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിലായി. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയിൽ ഡാനിഷ് ഹുസൈൻറെ മകൻ ഹംദാൻ ഡാനിഷ് ഹുസൈന്റെ മരണത്തിൽ മാതാവ് കാപ്പാട് സ്വദേശി മഹൽ ജുമൈലയാണ് അറസ്റ്റിലായത്. കുട്ടിയുടെ മരണത്തിൽ സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്. അമ്മ മാനസിക വെല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന.
കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തെ തുടർന്ന് മാതാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്നായിരുന്നു പോലീസിൻറെ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.