500 ന് മുകളിലുള്ള ബില്ലുകൾക്ക് ഓൺലൈൻ പേയ്‌മെന്റ്; നിർദേശം നടപ്പാക്കാനൊരുങ്ങി കെ.എസ്.ഇ.ബി

By: 600021 On: Jul 25, 2022, 12:58 PM

500 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനിലൂടെ മാത്രം അടയ്ക്കണമെന്ന നിർദേശം നടപ്പിലാക്കാൻ കെ.എസ്.ഇ.ബി ഒരുങ്ങുന്നു. ഇക്കാര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ, 500 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മൂന്നു ബില്ലിങ് സർക്കിൾവരെ പണമായി സ്വീകരിക്കാനും നിർദേശം നൽകി. ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിലേക്കു മാറാൻ ജനങ്ങൾക്ക് ആറു മാസത്തെ സാവകാശം ലഭിക്കും.
 
ഓൺലൈൻ വഴി ബില്ലുകൾ അടയ്ക്കുന്ന ആളുകൾ 50 ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെ.എസ്.ഇ.ബി യുടെ പുതിയ നടപടി. എല്ലാത്തരം ബില്ലുകളും ഓൺലൈൻ വഴി സ്വീകരിക്കാനായിരുന്നു ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. ആദ്യഘട്ടമെന്ന നിലയിലാണ് 500 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാത്രം ഓൺലൈൻവഴി സ്വീകരിക്കുന്നത്. കൗണ്ടറുകളിൽ പണം അടയ്ക്കാൻ എത്തുന്നവരോട് പണം സ്വീകരിച്ചശേഷം ഓൺലൈൻ വഴി ബില്ലടയ്ക്കാൻ ബോധവൽക്കരണം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
 
കെ.എസ്.ഇ.ബി യിലെ അധിക തസ്തികകൾ കുറയ്ക്കണമെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരുന്നു. ക്യാഷ് കൗണ്ടറുകളിലെ തസ്തികകൾ വെട്ടിച്ചുരുക്കുന്നതിനാണ്  ഓൺലൈൻ വഴി പണമടയ്ക്കുന്നതു നിർബന്ധമാക്കുന്നതെന്നു ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.  ഉപയോക്താക്കൾ കൂടിയ സെക്‌ഷനുകളിൽ നിലവിൽ രണ്ടു ഷിഫ്റ്റുകളായാണു ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്കു 2 മണിവരെയും, 2 മുതൽ വൈകിട്ട് 6 വരെയും. തിങ്കളാഴ്ച മുതൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയുള്ള സിംഗിൾ ഷിഫ്റ്റ് നടപ്പിലാക്കാനാണ് തീരുമാനം.