കൊച്ചിയിൽ നിന്നും സർവീസ് തുടങ്ങാൻ പദ്ധതിയുമായി അകാസ എയർ

By: 600021 On: Jul 25, 2022, 12:52 PM

കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങാനൊരുങ്ങി രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ അകാസ എയർ. ബെംഗളൂരു-കൊച്ചി മേഖലയിൽ ആഴ്ചയിൽ 28 സർവീസുകളാണ് അകാസ പ്രഖ്യാപിച്ചത്. രാജ്യത്ത് ഏറ്റവുമധികം സർവീസുകൾ അകാസ കൊച്ചിയിൽ നിന്നാകും നടത്തുക. ഓഗസ്റ്റ് 13 മുതലാണ് അകാസയുടെ ബെംഗളൂരു-കൊച്ചി സർവീസ് ആരംഭിക്കുന്നത്. ഇതിനായി ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. എല്ലാദിവസവും രണ്ട് സർവിസുകളുണ്ടാവും. ഇതോടെ കൊച്ചിയിൽ നിന്നും ആഴ്ചയിൽ ബെംഗളൂരുവിലേക്ക് മൊത്തം 99 സർവിസുകളാകും. ഇൻഡിഗോ, എയർ ഏഷ്യ, ഗോ ഫസ്റ്റ്, അലയൻസ് എയർ എന്നിവയാണ് കൊച്ചി-ബെംഗളൂരു സർവീസ് നടത്തുന്ന മറ്റു എയർലൈനുകൾ. കൊച്ചിയെ കൂടാതെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് അകാസ സർവിസുകൾ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തെ 56 പ്രതിവാര സർവീസുകളിൽ 28 എണ്ണവും കൊച്ചിയിൽ നിന്നാണ്.
 
നിരവധി എയർലൈനുകൾ നേരത്തെ തന്നെ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങാൻ കൊച്ചി തിരഞ്ഞെടുത്തിരുന്നു. കൂടുതൽ എയർലൈനുകളെ കൊച്ചിയിൽ എത്തിക്കാൻ ചെയർമാനും ഡയറക്ടർ ബോർഡും നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് ഇതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ സുഹാസ് ഐ.എ.എസ് പറഞ്ഞു. ശീതകാല സമയപട്ടികയിൽ ഇന്ത്യയിലെ എല്ലാ പ്രമുഖനഗരങ്ങളിലേക്കും കൂടുതൽ സർവിസുകൾ നടത്താൻ കഴിയുമെന്ന് സിയാൽ പ്രതീക്ഷിക്കുന്നുവെന്നും അതിനുവേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സുഹാസ് കൂട്ടിച്ചേർത്തു.