ഇന്ത്യ-ചൈന അതിർത്തിയിൽ കാണാതായ തൊഴിലാളികളിൽ 7 പേരെ കണ്ടെത്തി

By: 600021 On: Jul 25, 2022, 12:26 PM

ഇന്ത്യ-ചൈന അതിർത്തി പ്രദേശത്ത് വച്ച് കാണാതായ 19 റോഡ് നിർമാണത്തൊഴിലാളികളിൽ ഏഴ് പേരെ ഇന്ത്യൻ വ്യോമസേന കണ്ടെത്തി. അസം സ്വദേശികളായ തൊഴിലാളികളെ അരുണാചൽ പ്രദേശിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള കുരുംഗ് കുമേയിലെ നിന്നാണ് കാണാതായത്. ദാമിൻ സർക്കിളിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ റോഡ് നിർമാണസൈറ്റിൽ നിന്ന് കാണാതായ സംഘത്തിലെ ഏഴ് പേരെ വെള്ളിയാഴ്ചയാണ് സേന കണ്ടെത്തിയത്.
 
ബക്രീദിന് അസമിലേക്ക് മടങ്ങാനുള്ള  ആവശ്യം കരാറുകാരൻ നിരസിച്ചതോടെ ജൂലായ് അഞ്ചിന് തങ്ങൾ മൂന്ന് സംഘമായി തിരിഞ്ഞ് പലവഴികളിലേക്ക് ഓടി പോവുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. വ്യോമസേന  തൊഴിലാളികളെ അവശനിലയിലാണ് കണ്ടെത്തിയത്. പലർക്കും സംസാരിക്കാനുള്ള ശേഷി പോലും ഉണ്ടായിരുന്നില്ല.
 
തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്ത് താമസിപ്പിച്ചതായും  വൈദ്യസഹായമുൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തിയതായും ഉന്നത പോലീസുദ്യോഗസ്ഥൻ അറിയിച്ചു. കാണാതായ തൊഴിലാളികളിൽ ഒരാളെ തിങ്കളാഴ്ച ഫുറാക് നദിയിൽ മരിച്ച നിലയിൽ  കണ്ടെത്തിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.
 
തൊഴിലാളികളെ കാണാതായതായി ജൂലായ് 13ന് പരാതി ലഭിച്ചതായും മലനിരകളും നിബിഡവനവും നിറഞ്ഞ മേഖലയായതിനാൽ അന്വേഷണത്തിന് കാലതാമസം വന്നതായും പോലീസ് വക്താവ് വ്യക്തമാക്കി. നിയന്ത്രണരേഖയുടെ സമീപത്തുള്ള അതിർത്തിഗ്രാമങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനുള്ള പ്രധാനറോഡിന്റെ നിർമാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. അസമിൽ നിന്ന് നിർബന്ധിതമായി തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാരനെതിരെ കേസെടുത്തതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു.