നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ഒന്നര വയസുകാരന്റെ കാലിൽ ഡ്രിപ്പ് സൂചി ഒടിഞ്ഞു തറച്ചതായി പരാതി

By: 600021 On: Jul 25, 2022, 12:20 PM

തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ്. അരുവിപ്പുറം സ്വദേശികളാണ് ഒന്നര വയസുള്ള കുഞ്ഞിന്റെ കാലിൽ ഡ്രിപ് സൂചി ഒടിഞ്ഞു തറച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ച പനി ബാധിച്ച് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഒന്നര വയസുള്ള കുട്ടിക്ക് ഡ്രിപ്പ് ഇടണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു. കയ്യിൽ ഡ്രിപ്പ് ഇട്ടപ്പോൾ വേദനയുണ്ടെന്ന് പറഞ്ഞതോടെ കാലിൽ കുത്തിയപ്പോഴാണ് സൂചി കാലിൽ ഒടിഞ്ഞ് തറച്ചത്.
 
ആശുപത്രി അധികൃതരുടെ നിർദേശാനുസരണം കുട്ടിയെ പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോയി. ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് മാതാപിതാക്കളുടെ പരാതി. അതേസമയം, സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരിൽ നിന്ന്  വിശദീകരണം ലഭിച്ചിട്ടില്ല.