സംസ്ഥാനത്ത് ഓണം വാരാഘോഷം സെപ്റ്റംബര്‍ 6 മുതൽ

By: 600021 On: Jul 25, 2022, 12:05 PM

കേരളത്തിൽ ഈ വര്‍ഷത്തെ ഓണം വാരാഘോഷം പൂരാടം നാളായ സെപ്റ്റംബര്‍ 6 ന് സമാരംഭിക്കും. നിശാഗന്ധിയിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഓണം വാരാഘോഷ പരിപാടികൾ നടത്തുന്നത്. 12 ആം തീയതി വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾ അവസാനിക്കുക.
 
കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നില്ല. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ  മുൻ വർഷത്തേക്കാൾ പ്രൗഢഗംഭീരമായ രീതിയിൽ ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും കേരളത്തിന്റെ സാംസ്‌കാരിക, ടൂറിസം മേഖലകളുടെ പ്രൗഢി വിളിച്ചോതുന്ന വിധത്തിൽ ഏറ്റവും ആകർഷകമായായിരിക്കും പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും ഓണം വാരാഘോഷത്തിന്റെ ആലോചനാ യോഗത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. വിവിധ സബ് കമ്മിറ്റികൾ യോഗം ചേർന്ന് പരിപാടികൾ വിജയകരമായി നടപ്പാക്കാൻ വേണ്ട പ്രവർത്തനങ്ങൾ തുടങ്ങണമെന്നും മന്ത്രി നിർദേശിച്ചു.
 
ടൂറിസം വിപണന സാധ്യതകൾ കൂടി ഫലപ്രദമായി വിനിയോഗിക്കുന്ന വിധത്തിൽ ആയിരിക്കും പരിപാടികൾ സംഘടിപ്പിക്കുന്നത്. കനകക്കുന്ന് കേന്ദ്രീകരിച്ചാകും തിരുവനന്തപുരം നഗരത്തിലെ ഓണം വാരാഘോഷ പരിപാടികള്‍ നടക്കുക. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 30ഓളം വേദികളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
 
കേരളം മുഴുവൻ ശ്രദ്ധിക്കുന്നതാണ് തിരുവനന്തപുരത്ത് നടക്കുന്ന ഓണാഘോഷ പരിപാടികളെന്നും ആവർത്തനവിരസത ഒഴിവാക്കി പുതുമയാർന്ന പരിപാടികൾ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കണമെന്നും യോഗത്തിൽ പങ്കെടുത്ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സബ് കമ്മറ്റികളുടെ ചുമതലയുള്ള എം.എൽ.എമാർ അടിയന്തരമായി യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.