വേദന സംഹാരിയായ ഒപിയോയിഡ് പോലുള്ള മരുന്നുകള്‍ അമിത അളവില്‍ കഴിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി. ജൂലൈ 17 നും ജൂലൈ 21 നും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് പുറപ്പെടുവിച്ച ഡ്രഗ് അലര്‍ട്ട് സൂചിപ്പിക്കുന്നു. ഇതുവരെ 21 മരണങ്ങളാണ് ഓവര്‍ഡോസ് സംബന്ധമായി ടൊറന്റോ പാരമെഡിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ 'ശ്വസിക്കുന്ന ഉപകരണങ്ങള്‍' ഉപയോഗിച്ച് അമിത അളവില്‍ മരുന്ന് ഉപയോഗിച്ച് മരണമടയുന്നവരുടെ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിറ്റി ഡ്രഗ് സ്ട്രാറ്റജി സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌മോക്കിംഗ് ഒപിയോയിഡുകളും ഉത്തേജക മരുന്നുകളും ഉപയോഗിച്ചുള്ള മരണങ്ങളില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്ന് ടിപിഎച്ച് അലെര്‍ട്ടില്‍ പറയുന്നു. നഗരത്തിലുടനീളം സംഭവിക്കുന്ന മരണങ്ങളില്‍ നിരവധി മരുന്നുകളുടെ ഓവര്‍ഡോസാണ് കാരണം. 2020 ഏപ്രില്‍ 1 നും 2021 മാര്‍ച്ച് 31 നും ഇടയില്‍ ടൊറന്റോയിലുണ്ടായ 164 മരണങ്ങളില്‍ 30 ശതമാനവും സ്‌മോക്കിംഗ് ഒപിയോയിഡുകള്‍ ഉപയോഗിച്ചാണെന്ന് ഒന്റാരിയോ കൊറോണര്‍ ഓഫീസ് കണ്ടെത്തിയിട്ടുണ്ട്.
2017 ലെ സ്‌മോക്ക് ഫ്രീ ഒന്റാരിയോ ആക്ട് മൂലം പ്രവിശ്യയിലുടനീളമുള്ള അടച്ചിട്ട പൊതുസ്ഥലങ്ങളിലും മറ്റ് സ്ഥലങ്ങളിലും പുകവലിയും വാപ്പിംഗും നിരോധിച്ചിട്ടുണ്ട്.