
മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതായി ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ തെദ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു. സംഘടനയുടെ ഉന്നതതല യോഗത്തിലായിരുന്നു പ്രഖ്യാപനം. കൂടുതൽ രാജ്യങ്ങളിൽ മങ്കി പോക്സ് പടർന്നുപിടിയ്ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. 72 രാജ്യങ്ങളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന രോഗം മെയ് മുതലാണ് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് പടരാൻ ആരംഭിച്ചത്.
മങ്കിപോക്സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലാണ്. 20 യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിവേഗത്തിൽ രോഗം പടരുകയാണെങ്കിലും ഇത് രാജ്യാന്തര യാത്രകളേയോ വ്യാപാരങ്ങളയോ ബാധിക്കാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടനാ അധികൃതർ വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ കൂടുതൽ മങ്കിപോക്സ് കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണവും പരിശോധനയും കർശനമാക്കാനാണ് നിർദേശം. സംസ്ഥാനത്ത് നിലവിൽ 3 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.