നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കാൽഗറിയിൽ കോവിഡ് കേസുകൾ ഉയരുന്നു

By: 600021 On: Jul 25, 2022, 11:37 AM

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയും കലാ സാംസ്‌കാരിക പരിപാടികൾ പുനരാരംഭിക്കുകയും ചെയ്തതോടെ ആൽബെർട്ടയിൽ കോവിഡ് കേസുകൾ വർധിച്ചതായി  കാൽഗറി യൂണിവേഴ്സിറ്റിയിലെ ഡെവലപ്പ്മെന്റൽ ബയോളജിസ്റ്റും ഗവേഷകയുമായ ഗോസിയ ഗാസ്‌പെറോവിക്‌സ് പറയുന്നു. ജൂലൈ 18 വരെയുള്ള കണക്കുകൾ പ്രകാരം പ്രവിശ്യയിലുടനീളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്. കൂടുതൽ കേസുകൾ കാൽഗറിയിലാണ് റിപ്പോർട്ട്‌ ചെയ്തത്. ആൽബെർട്ടയിൽ കോവിഡ് ഹോസ്പിറ്റലൈസേഷൻ നിരക്കും വർധിച്ചിട്ടുണ്ട്.
 
ശൈത്യകാലത്ത് പടർന്നുപിടിക്കുന്ന ഫ്ലൂ പോലെയുള്ള സീസണൽ വൈറസായി മാത്രം കോവിഡിനെ കാണാൻ കഴിയില്ലെന്ന് ഗാസ്പെറോവിക്‌സ് പറഞ്ഞു. ഭാവിയിൽ കോവിഡിന്റെ പുതിയ വേരിയന്റുകളുടെ തരംഗങ്ങൾ വർഷത്തിൽ പലതവണ കാണാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. പാൻഡെമിക് ഏഴാമത്തെ തരംഗത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആളുകൾ മാസ്ക് ഉപയോഗിക്കണമെന്നും ബൂസ്റ്റർ ഷോട്ട് എടുക്കണമെന്നും ഗാസ്പെറോവിക്സ് അഭ്യർത്ഥിച്ചു.