മോൺട്രിയലിന്റെ വടക്കൻ മേഖലയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം

By: 600021 On: Jul 25, 2022, 11:30 AM

മോൺട്രിയലിന്റെ വടക്കൻ മേഖലയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം 6:10 ഓടെ ലോറൻഷ്യൻസിൽ ആണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇ.സി.സി.സി) പറഞ്ഞു. സെന്റ്-അഡോൾഫ്-ഡി ഹോവാർഡ് മുനിസിപ്പാലിറ്റിയിൽ വീശിയടിച്ച കൊടുംകാറ്റിനെ തുടർന്ന് ഒന്നിലധികം വീടുകൾ തകരുകയും മരങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തതായി എൻവിയോണ്മെന്റ് കാനഡ പറഞ്ഞു. ചുഴലിക്കാറ്റിന്റെ ശക്തി നിർണ്ണയിക്കുന്നതിനുള്ള വിശകലനം നടന്നുകൊണ്ടിരിക്കുകയാണ്.
 
ചുഴലിക്കാറ്റ് അപകടസാധ്യതകൾക്കു പുറമേ ശക്തമായ ഇടിമിന്നൽ  മുന്നറിയിപ്പുകളും എൻവിയോണ്മെന്റ് കാനഡ വെള്ളിയാഴ്ച നൽകിയിരുന്നു. ചുഴലിക്കാറ്റ് ഏകദേശം 15 മിനിറ്റ് നീണ്ടുനിന്നതായുംതുടർന്ന് സെന്റ്-അഡോൾഫ്-ഡി'ഹോവാർഡിൽ നിന്ന് സെന്റ്-അഗതെ-ഡെസ്-മോണ്ട്സിലേക്ക് നീങ്ങിയതായും ഇ.സി.സി.സി അറിയിച്ചു. പ്രവിശ്യയിൽ ഔട്ടൗയിസ് മുതൽ കോട്ട് നോർഡ് വരെ ശക്തമായ ഇടിമിന്നൽ തുടരുകയാണ്. യാത്ര ഒഴിവാക്കണമെന്ന് സെന്റ് അഡോൾഫ് ഡി ഹോവാർഡ് മുനിസിപ്പാലിറ്റി മേഖലയിലെ ആളുകളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.