ശക്തമായ ഇടിമിന്നലിനെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് തെക്കന്‍ ഒന്റാരിയോയില്‍ വിവിധയിടങ്ങളില്‍ പതിനായിരക്കണക്കിന് ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 26,000 ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ഇല്ലെന്ന് ഹൈഡ്രോ വണ്‍ അറിയിച്ചു.
ടൊറന്റോയിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ പലയിടങ്ങളിലും ഞായറാഴ്ച രാത്രി എണ്‍വയോണ്‍മെന്റ് കാനഡ ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 50 മുതല്‍ 75 മില്ലിമീറ്റര്‍ വരെ മഴയും മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും ജിടിഎയില്‍ ഉണ്ടാകുമെന്നായിരുന്നു കാലാവസ്ഥാ ഏജന്‍സിയുടെ പ്രവചനം.
വൈദ്യുതി ബന്ധം വേഗത്തില്‍ പുന:സ്ഥാപിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹൈഡ്രോ വണ്‍ അറിയിച്ചു. ടൊറന്റോ ഹൈഡ്രോയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും തടസ്സങ്ങള്‍ നേരിട്ടു. രാത്രി 11.10 മണിയോടു കൂടി വിച്ഛേദിക്കപ്പെട്ട വൈദ്യുതി പുലര്‍ച്ചെ 2 മണിയോടെ പനസ്ഥാപിക്കാമെന്നായിരുന്നു പ്രതീക്ഷ.
കനത്ത മഴ റോഡുകളില്‍ വെള്ളക്കെട്ടിനു കാരണമാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണം.
ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചൂടിനെ തുടര്‍ന്നാണ് ശക്തമായ കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നത്. ടൊറന്റോയിലും മറ്റ് പല പ്രദേശങ്ങളിലും ഹീറ്റ് വേവ് മുന്നറിയിപ്പ് പ്രാബല്യത്തില്‍ തുടരുന്നു. കുറച്ച് ദിവസങ്ങളായി താപനില 40 ഡിഗ്രി സെഷ്യല്‍സ് വരെ എത്തിനില്‍ക്കുകയാണ്.