ആഫ്രിക്കയില്‍ മാത്രം വ്യാപിച്ചിരുന്ന മങ്കിപോക്‌സ് നിലവില്‍ 70 ല്‍ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇതൊരു അസാധാരണമായ സാഹചര്യമായി കണക്കാക്കി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ശനിയാഴ്ച നടന്ന ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ ഇത് സംബന്ധിച്ച് അഭിപ്രായ സമന്വയം ഇല്ലായിരുന്നു. എങ്കിലും വിദഗ്ധരുടെ ശുപാര്‍ശയില്ലാതെ ലോകാരോഗ്യ സംഘടനാ മേധാവി ആദ്യമായി ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. കോവിഡിന് ശേഷം ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കുന്ന ആദ്യ രോഗമാണ് മങ്കിപോക്‌സ്.
ആഗോള അടിയന്തരാവസ്ഥ എന്നത് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ജാഗ്രതയാണ്. അസാധാരണമായ രോഗപ്പകര്‍ച്ച പ്രകടമായാലോ രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത ഉണ്ടെങ്കിലോ രോഗപ്പകര്‍ച്ച തടയാന്‍ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം അത്യാവശ്യമാണെങ്കിലോ ആണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്. പോളിയോ നിര്‍മാര്‍ജന ശ്രമങ്ങളുടെ സമയത്തും 2016 ല്‍ ലാറ്റിനമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സിക്ക വൈറസിനും 2014 ല്‍ ഉണ്ടായ പശ്ചിമാഫ്രിക്കയിലെ എബോളയ്ക്കും സമാന പ്രഖ്യാപനം ഉണ്ടായിരുന്നു.
ഇതുവരെ 72 ഓളം രാജ്യങ്ങളിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. മങ്കിപോക്‌സ് രോഗികളില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. ബ്രിട്ടന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ക്യുബെക്ക്, ഒന്റാരിയോ, ആല്‍ബെര്‍ട്ട, ബീസി, സസ്‌ക്കാച്ചെവന്‍ എന്നിവയുള്‍പ്പെടെ അഞ്ച് പ്രവിശ്യകളിലായി 681 മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.