കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ മരിച്ച കനേഡിയന്‍ പൗരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഉക്രെയ്‌നിലെ സായുധ സേനയിലെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പില്‍ വോളിയന്ററായി പ്രവര്‍ത്തിച്ചിരുന്ന 'ബീവര്‍' എന്ന് വിളിപ്പേരുള്ള എമിലി ആന്റോയ്ന്‍ റോയ് സിറോയിസ് ആണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതായി ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു. റോയ് സിറോയിസിനൊപ്പം രണ്ട് യുഎസ് പൗരന്മാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ് വകവയ്ക്കാതെ റഷ്യയ്‌ക്കെതിരെ പോരാടാന്‍ ഉക്രെയ്‌നെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറോയിസ് മറ്റ് മൂന്ന് വിദേശ പോരാളികള്‍ക്കൊപ്പം ഉക്രെയ്‌നിലേക്ക് തിരിച്ചത്. സ്വീഡന്‍ പൗരനടക്കം സിറോയിസിനൊപ്പമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ ഒരു റഷ്യന്‍ ടാങ്ക് ആക്രമണത്തിലാണ് സിറോയ്‌സും സംഘവും കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉക്രെയ്‌നില്‍ ഒരു കനേഡിയന്‍ മരിച്ചതായും കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ കുടുംബവുമായി ബന്ധപ്പെടുകയും സഹായം നല്‍കുകയും ചെയ്യുമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് യുഎസ് പൗരന്മാരുടെ മരണം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു.