ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ കാനഡയിലെത്തി 

By: 600002 On: Jul 25, 2022, 6:40 AM

 

ആറ് ദിവസത്തെ സന്ദര്‍ശത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ കാനഡയിലെത്തി. എഡ്മന്റണ്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍, സഭാംഗങ്ങളും തദ്ദേശീയരും രാഷ്ട്രീയ പ്രമുഖരും തുടങ്ങിയവര്‍ ചേര്‍ന്ന് Alexis Nakota Sioux Nation ല്‍ നിന്നുള്ള ഡ്രം ഗ്രൂപ്പിന്റെ ഗാനമേളയുടെ അകമ്പടിയോടെ മാര്‍പാപ്പയെ സ്വീകരിച്ചു. തന്നെ സ്വീകരിച്ച ഓരോ അതിഥിക്കും സ്മാരകമായി നാണയം അടങ്ങിയ ചുവന്ന പെട്ടി മാര്‍പാപ്പ സമ്മാനമായി നല്‍കി. വൈദികര്‍ക്ക് ജപമാലയും നല്‍കി. 

തുടര്‍ന്ന് മാര്‍പാപ്പയ്ക്ക് താമസിക്കാന്‍ ഏര്‍പ്പാടാക്കിയ എഡ്മന്റണിലെ സെന്റ് ജോസഫ് സെമിനാരിയിലേക്ക് പോയി. ജൂലൈ 24 മുതല്‍ 29 വരെയുള്ള ആറ് ദിവസത്തെ സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആല്‍ബെര്‍ട്ട, ക്യുബെക്ക്, നുനാവുട്ട് എന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച എഡ്മന്റണിലെ മാസ്‌ക്‌വാസിസ് കമ്യൂണിറ്റിയിലെ മുന്‍ എര്‍മിന്‍സ്‌കിന്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. അവിടെ അദ്ദേഹം തദ്ദേശീയരായ ജനങ്ങളോട് അവര്‍ അനുഭവിച്ച അധിക്ഷേപങ്ങള്‍ക്ക് മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പശ്ചാത്തപ യാത്ര രോഗശാന്തിക്കും അനുരഞ്ജനത്തിനും സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍പാപ്പ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.