കാല്‍ഗറിയിലും കൊതുകു ശല്യം രൂക്ഷമാകും

By: 600002 On: Jul 23, 2022, 12:43 PM


ഈ വേനല്‍ക്കാലത്ത് കാല്‍ഗറിയില്‍ കൊതുകുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്ന് വിദഗ്ധര്‍. കാലവസ്ഥയിലുണ്ടായ വ്യതിയാനം കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ സാഹചര്യമുണ്ടാക്കിയെന്ന് കാല്‍ഗറി യൂണിവേഴ്‌സിറ്റിയിലെ എന്‍ഡമോളജിസ്റ്റ് ജോണ്‍ സ്വാന്‍ പറഞ്ഞു. 

അടുത്തയാഴ്ചയോടെ പ്രതീക്ഷിക്കുന്ന മഴ കൊതുകുകളുടെ പ്രജനനം വര്‍ധിപ്പിക്കും. അപൂര്‍വമാണെങ്കിലും വെസ്റ്റ് നൈല്‍ വൈറസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വഹിക്കാന്‍ കഴിയുന്ന കൊതുകുകള്‍ കാല്‍ഗറിയില്‍ വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. നഗരത്തിലെ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് ടീം കൊതുകു നശീകരണത്തിനുള്ള നടപടികള്‍ കൈക്കൊള്ളും. ലാര്‍വ ഘട്ടത്തില്‍ ബാക്ടീരിയല്‍ പ്രൊഡക്ട് ഉപയോഗിച്ച് നശിപ്പിക്കാനും അധികൃതര്‍ ശ്രമിക്കും. 

DEET, Lcaridin അല്ലെങ്കില്‍ ലെമണ്‍ യൂക്കാലിപ്റ്റസ് ഓയില്‍ എന്നിവ ഉപയോഗിച്ച് കൊതുകുകളെ അകറ്റാന്‍ ശുപാര്‍ശ ചെയ്യുന്നു. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും മറ്റും ചെയ്ത് കൊതുകുകളില്‍ നിന്ന് രക്ഷ നേടാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.