മാനേജരില്‍ നിന്നും സിഇഒ സ്ഥാനത്തേക്ക്; മോണ്‍ട്രിയല്‍ ട്രാന്‍സിറ്റ് ഏജന്‍സിക്ക് പുതിയ മേധാവി 

By: 600002 On: Jul 23, 2022, 12:20 PM

 

മോണ്‍ട്രിയലിലെ ട്രാന്‍സിറ്റ് ഏജന്‍സിയായ എസ്ടിഎമ്മിന്റെ സിഇഒ ആയി മാരി-ക്ലോഡ് ലിയോനോര്‍ഡിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് എസ്ടിഎം വെള്ളിയാഴ്ച പുറത്തിറക്കി. വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ എസ്ടിഎം കാഷ്യറായി ജോലി ആരംഭിച്ച ലിയോനോര്‍ഡിന് മുപ്പത് വര്‍ഷത്തെ പരിചയ സമ്പത്തുണ്ട്. മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ശേഷമാണ് ലിയോനോര്‍ഡ് എസ്ടിഎമ്മിന്റെ സിഇഒ ആയി സ്ഥാനമേല്‍ക്കുന്നത്. അഞ്ച് വര്‍ഷ കാലാവധിയിലേക്കാണ് നിയമനം. 

എസ്ടിഎമ്മിന് അകത്തും പുറത്തുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച അഭിമുഖത്തില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് ലിയോനോര്‍ഡ് എന്ന് എസ്ടിഎം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെയും സെലക്ഷന്‍ കമ്മിറ്റിയുടെയും മേധാവി എറിക് അലന്‍ കാള്‍ഡ്വല്‍ പറഞ്ഞു. കോവിഡാനന്തര പ്രതിസന്ധികള്‍ക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കുമിടയില്‍ ഇപ്പോള്‍ എസ്ടിഎമ്മിന് പുനരുജ്ജീവനം ആവശ്യമാണ്. പുതിയ സിഇഒയുടെ നേതൃത്വത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മെഡിക്കല്‍ ബയോളജിയില്‍ ബിരുദവും എച്ച്ഇസി മോണ്‍ട്രിയലില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2021 സെപ്റ്റംബറില്‍ ഇടക്കാല സിഇഒയായി പ്രവര്‍ത്തിച്ച അവര്‍ക്ക് ഏജന്‍സിയില്‍ മാനേജരായി 20 വര്‍ഷത്തെ പരിചയമുണ്ട്.