അപകടകാരികളായ വിരകളുടെ ആവാസകേന്ദ്രമായി ഒന്റാരിയോ 

By: 600002 On: Jul 23, 2022, 10:41 AM

കിഴക്കന്‍, തെക്കു കിഴക്കന്‍ ഏഷ്യയിലെ ചില ഭാഗങ്ങളില്‍ കണ്ടുവരുന്ന പരിസ്ഥിതിക്ക് അപകടകാരികളായ വിരകളെ ഒന്റാരിയോയിലും കണ്ടെത്തി. കഴിഞ്ഞ വേനല്‍ക്കാലത്താണ് ഇവ ആദ്യമായി കാനഡയില്‍ പെരുകുന്നതായി കണ്ടെത്തിയത്. ഒന്റാരിയോയില്‍ 35 ഓളം സ്ഥലങ്ങളില്‍ ഇവയെ കണ്ടെത്തിയതായി ടൊറന്റോ യൂണിവേഴ്‌സിറ്റി എസ്എം സ്മിത്ത് ഫോറസ്റ്റ് ഹെല്‍ത്ത് ലാബിലെ ഗവേഷകനായ മൈക്കിള്‍ മക്ടാവിഷ് പറയുന്നു. ടൊറന്റൊ, ഹാമില്‍ട്ടണ്‍, കിച്ചനര്‍, വിന്‍ഡ്‌സര്‍ എന്നിവടങ്ങളിലാണ് കൂടുതലായും വിരകളെ കണ്ടെത്തിയിരിക്കുന്നത്. 

സാധാരണയായി പൂന്തോട്ടങ്ങളിലും മലയിടുക്കുകളിലുമാണ് ഇവയെ കണ്ടുവരാറ്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഇവ പൂന്തോട്ടങ്ങളില്‍ കയറി ചെടികളും മറ്റും തിന്ന് നശിപ്പിക്കും. 'ചാടി ചാടി' ഇഴയുന്നതു കൊണ്ട് ഇവയെ 'ജംപിംഗ് വേം'  എന്നും വിളിക്കുന്നു. 

മണ്ണിരകള്‍ മണ്ണിലെ ജൈവവസ്തുക്കളെ വിഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്് നല്ലൊരു കാര്യമാണ്. എന്നാല്‍ ജംപിഗ് വേമുകളുടെ ചലനം സസ്യജാലങ്ങളെയും സ്വാഭാവിക ആവാസ വ്യവസ്ഥയെയും ബാധിക്കും. ജൈവവൈവിധ്യത്തിന് തന്നെ ആഘാതമായിരിക്കും ഇവ വരുത്തുകയെന്ന് മക്ടാവിഷ് പറയുന്നു. 

വീട്ടുവളപ്പിലോ പാര്‍ക്കിലോ മറ്റിടങ്ങളിലോ വിരകളെ കണ്ടെത്തുന്നവര്‍ അതിന്റെ വ്യാപനം തടസ്സപ്പെടുത്തുന്ന നടപടികളെടുക്കണം. ഇത് സംബന്ധിച്ച് ദൃശ്യങ്ങള്‍ ലോഗ് ചെയ്യാന്‍ കമ്യൂണിറ്റി റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോമുകളുമുണ്ട്.