വേനല്‍ക്കാലത്തെ എയര്‍പോര്‍ട്ട് കാലതാമസം: ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് ഒന്നാമത് 

By: 600002 On: Jul 23, 2022, 8:38 AM

ഈ വേനല്‍ക്കാലത്ത് ഫ്‌ളൈറ്റ്, എയര്‍പോര്‍ട്ട് കാലതാമസങ്ങളില്‍ രാജ്യത്തെ മോശം വിമാനത്താവളമായി ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒന്നാമത്. ഫ്‌ളൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്‌ളൈറ്റ് അവെയര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെയ് 26 നും ജൂലൈ 19 നും ഇടയില്‍ ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഷെഡ്യൂള്‍ ചെയ്ത പകുതിയിലധികം ഫ്‌ളൈറ്റുകളും വൈകിയെന്ന് വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളിലെയും എയര്‍ലൈന്‍ കമ്പനികളിലെയും സ്റ്റാഫുകളുടെ കുറവും സാങ്കേതിക പ്രശ്‌നങ്ങളും എയര്‍പോര്‍ട്ടിലെ കാലതാമസത്തിന് കാരണമാകുന്നതായി ഫ്‌ളൈറ്റ്അവെയര്‍ ചൂണ്ടിക്കാണിക്കുന്നു. 6.5 ശതമാനം ഫ്‌ളൈറ്റുകളും റദ്ദാക്കിയ ടൊറന്റോ പിയേഴ്‌സണ്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ്. 

സാധാരണയേക്കാള്‍ ദൈര്‍ഘ്യമേറിയ കാലതാമസം കാരണം ടൊറന്റോ പിയേഴ്‌സണില്‍ ഫീസ് രഹിത ടിക്കറ്റ് മാറ്റങ്ങള്‍(ഫീ-ഫ്രീ ടിക്കറ്റ് ചേഞ്ചസ്) വാഗ്ദാനം ചെയ്യുന്ന ഒരു ഫ്‌ളെക്‌സിബിള്‍ പോളിസി എയര്‍ കാനഡ ചൊവ്വാഴ്ച അവതരിപ്പിച്ചിരുന്നു. ആ പോളിസിയിലൂടെ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ ഫ്‌ളൈറ്റുകള്‍ മാറ്റാനോ ടൊറന്റോ പിയേഴ്‌സണില്‍ കണക്ഷന്‍ സമയം നീട്ടാനോ യാത്രക്കാരെ അനുവദിക്കും. 

ഫ്‌ളൈറ്റ് കാലതാമസവും റദ്ദാക്കലുകളും കുറയ്ക്കുന്നതിനായി ഇതിനകം വേനല്‍ക്കാല ഷെഡ്യൂളുകള്‍ എയര്‍ കാനഡ വെട്ടിക്കുറച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഫെഡറല്‍ ഏജന്‍സി ട്രാന്‍സ്‌പോര്‍ട്ട് കാനഡ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 

ഈ വേനല്‍ക്കാലത്ത് കാലതാമസം നേരിടുന്ന ലോകത്തിലെ പത്ത് വിമാനത്താവളങ്ങളില്‍ ഏഴെണ്ണം യൂറോപ്പിലാണ്. ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, ആസ്റ്റര്‍ഡാം, ലണ്ടന്‍ എന്നിവടങ്ങളിലെ എയര്‍പോര്‍ട്ടുകള്‍ ഏറ്റവും കൂടുതല്‍ കാലതാമസം നേരിടുന്നു. പട്ടികയിലെ ആദ്യ പത്തില്‍ ഒരു യുഎസ് വിമാനത്താവളം മാത്രമാണ് ഇടം നേടിയിരിക്കുന്നത്. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് കാലതമാസം നേരിടുന്ന യുഎസിലെ വിമാനത്താവളം.