സാങ്കേതിക തകരാർ; ArriveCAN ആപ്പിലൂടെ തെറ്റായി ക്വാറന്റൈൻ നോട്ടിഫിക്കേഷൻ

By: 600021 On: Jul 23, 2022, 6:54 AM

ArriveCAN എൻട്രി ആപ്പിൽ ഉണ്ടായ സാങ്കേതിക തകരാറു മൂലം ചില ആളുകൾക്ക് തെറ്റായി ക്വാറന്റൈൻ നോട്ടിഫിക്കേഷൻ ലഭിച്ചതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) പറഞ്ഞു. മൂന്ന് ശതമാനത്തിൽ താഴെ ഉപയോക്താക്കളെയാണ് തകരാർ ബാധിച്ചത്. കൂടാതെ ഇവ iOS (ആപ്പിൾ) ഉപകരണങ്ങളുമായി ലിങ്ക് ചെയ്‌തതായും പൊതു സുരക്ഷാ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 20 ന് വൈകുന്നേരത്തോടെ സാങ്കേതിക തകരാർ പരിഹരിച്ചു.
 
യാത്രയിലെ കാലതാമസം, ആവശ്യമില്ലാത്ത സാങ്കേതിക ആശ്രിതത്വം, ഡിജിറ്റൽ സേവനങ്ങളുടെ പൊതുവായ വിശ്വാസ്യത എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ട് ആപ്പിന്റെ ഉപയോഗം നിർത്തണമെന്ന് രാഷ്ട്രീയ പ്രവർത്തകർ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആപ്പിൽ സാങ്കേതിക തകരാർ റിപ്പോർട്ട്‌ ചെയ്തത്.
 
കാനഡയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരുടെയും പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള പൊതുജനാരോഗ്യ ഡാറ്റ ശേഖരിക്കുന്ന ആപ്പ് ആയ ArriveCAN യാത്രക്കാരെ കൂടുതൽ കാര്യക്ഷമമായും സുരക്ഷിതമായും പ്രോസസ്സ് ചെയ്യാൻ സി.ബി.എസ്.എ യെ സഹായിക്കുന്നതിനു വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 
എന്നാൽ തകരാർ സംഭവിച്ച സമയത്ത് വിമാനത്തിൽ യാത്ര ചെയ്തവരിൽ 99.52 ശതമാനവും കര മാർഗം യാത്രചെയ്ത 89.20 ശതമാനവും ആളുകൾ ആപ്പ് വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. ArriveCAN ഉപയോഗിക്കുന്നതിനും മാറുന്ന ആവശ്യകതകൾ പിന്തുടരുന്നതിനും യാത്രക്കാരെ സഹായിക്കുന്നതിന് സി.ബി.എസ്.എ വിപുലമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഒരു വ്യക്തി പൊതുജനാരോഗ്യ നിയന്ത്രണങ്ങൾക്ക് വിധേയനാണോ, ക്വാറന്റൈൻ ചെയ്യേണ്ടതുണ്ടോ എന്ന് നിർണ്ണയിക്കുന്നത് ആപ്പിലൂടെ അല്ലെന്നും സി.ബി.എസ്‌.എ, പി.എച്ച്.എ.സി  ഉദ്യോഗസ്ഥർ വഴി ആണെന്നും പൊതു സുരക്ഷാ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.