ഇന്ത്യയിലെ ഉത്പാദനം പൂർണമായും നിർത്തി ഫോർഡ്

By: 600021 On: Jul 23, 2022, 4:18 AM

ഇന്ത്യയിലെ ഉത്പാദനം പൂർണമായും നിർത്തി ഫോർഡ് പടിയിറങ്ങുന്നു. 1995-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച കമ്പനിയിൽ നിന്ന് ഐക്കൺ, ഫിയസ്റ്റ്, ഫിഗോ, ഫ്യൂഷൻ തുടങ്ങി നിരവധി വാഹനങ്ങൾ നിരത്തുകളിൽ എത്തിയിരുന്നെങ്കിലും ഫോർഡിന് വലിയ ജനപ്രീതി സമ്മാനിച്ച വാഹനങ്ങളിലൊന്ന് 2012-ൽ പുറത്തിറങ്ങിയ ഇക്കോ സ്പോർട്ടാണ്. ഇന്ത്യയിൽ വലിയ പ്രചാരം നേടിയ സബ് ഫോർ മീറ്റർ എസ്.യു.വികളുടെ തുടക്കകാരൻ കൂടിയായിരുന്നു ഈ വാഹനം. 
 
ഇക്കോ സ്പോർട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കിയാണ് ഫോർഡ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ചെന്നൈയിലെ നിർമാണ ശാലയിലാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിലെ അവസാന യൂണിറ്റ് പുറത്തിറക്കിയത്. 2021 സെപ്റ്റംബറിലാണ് ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നതായി കമ്പനി പ്രഖ്യാപിച്ചത്. കയറ്റുമതി വിപണിക്കായി കാറുകളും എൻജിനുകളും നിർമിക്കുന്നതിനായാണ് ഇതുവരെ ചെന്നൈ നിർമാണശാലയിൽ ഉത്പാദനം തുടർന്നു വന്നത്.
 
ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള സാനന്ദിലും ചൈന്നെയിലുമായി രണ്ടു പ്ലാന്റുകളാണ് ഫോർഡിന് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇതിൽ സനന്ദ് പ്ലാന്റിലെ ഉത്പാദനം നേരത്തേ നിർത്തിയിരുന്നു. ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്പയർ തുടങ്ങിയ ചെറു കാറുകളാണ് ഇവിടെ നിർമിച്ചത്. ചെന്നൈ പ്ലാന്റിൽനിന്നാണ് ഫോർഡ് ഇക്കോ സ്പോർട്ടും എൻഡവറും നിർമിച്ചിരുന്നത്. ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചാലും സർവീസും പാർട്സുകളും ലഭിക്കുന്നതിനായുള്ള നടപടികൾ തുടരുമെന്ന് ഫോർഡ് ഉറപ്പുനൽകുന്നുണ്ട്.