
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ടയായ ആന്‍ ആന്‍ ഓര്‍മയായി. 35 വയസായിരുന്നു. മനുഷ്യായുസ്സുമായി താരതമ്യപ്പെടുത്തിയാല്‍, 105 വയസുവരെ ജീവിച്ചാണ് ആന്‍ ആന്‍ ഓര്‍മയാവുന്നത്. ഉയർന്ന രക്തസമ്മർദം കാരണം തളർച്ചയിലായിരുന്ന ആനിനെ കാണാൻ 3 ആഴ്ചയായി സന്ദർശകർക്ക് വിലക്കുണ്ടായിരുന്നു. ആനിന്റെ കൂട്ടുകാരിയായിരുന്ന ജിയ ജിയ എന്ന പെൺ പാണ്ട ഇതേ മൃഗശാലയിൽ 38–ാം വയസ്സിൽ അന്ത്യശ്വാസം വലിച്ചിരുന്നു. ഹോങ്കോങ് തീം പാര്‍ക്കിലേക്ക് ചൈനീസ് ഗവണ്മെന്റ് സംഭാവനയായി നൽകിയതാണ് ആന്‍ ആന്‍ എന്ന ആണ്‍ പാണ്ടയും ജിയ ജിയ എന്ന പെണ്‍പാണ്ടയും. ഇവർ ഓഷ്യൻ പാര്‍ക്കിലെത്തുന്നത് 1999ലാണ്. സുന്ദരമായ ചലനങ്ങൾ കൊണ്ട് സന്ദർശക മനസ് കീഴടക്കുവാൻ ഇവയ്ക്ക് കഴിഞ്ഞു.
പലയിനം ഡോള്‍ഫിനുകളും പെൻഗ്വിനുകളും തീം പാര്‍ക്കിലുണ്ടെങ്കിലും ആനും ജിയയുമായിരുന്നു പ്രധാന ആകർഷണം. കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യനില വളരെ മോശമായിരുന്നു. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞ് പിന്നെ തീരെ കഴിക്കാതായി. 23 കൊല്ലം കഴിഞ്ഞ കൂട്ടില്‍ക്കിടന്നു തന്നെയാണ് ആന്‍ അന്ത്യശ്വാസം വലിച്ചത്. പൂക്കളും പ്രാര്‍ഥനകളുമായി നിരവധിപേരാണ് ആനിന് വിടചൊല്ലാനെത്തിയത്.