വധഭീഷണി; സ്വയരക്ഷയ്ക്ക് ആയുധം കൈവശം വയ്ക്കാൻ അനുമതി തേടി സൽമാൻ ഖാൻ

By: 600021 On: Jul 23, 2022, 3:29 AM

വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സ്വയരക്ഷയ്ക്കായി ആയുധം കൈവശം വയ്ക്കാൻ അനുമതി വേണമെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. മുംബൈ പൊലീസിന് സൽമാൻ ഖാൻ അപേക്ഷ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസം മുൻപ് സൽമാനും പിതാവ് സലിം ഖാനും എതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു.
 
മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കറുമായി സൽമാൻ ഖാൻ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സൽമാൻ ദക്ഷിണ മുംബൈയിലെ കമ്മിഷണർ ഓഫിസിലെത്തിയത്. ഈ കൂടിക്കാഴ്ചയിലാണ് ആയുധം കൈവശം വയ്ക്കാൻ അനുമതി തേടി അദ്ദേഹം അപേക്ഷ നൽകിയത്.
 
അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയായിരിക്കുമെന്നാണ് സൽമാന് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിൽ പറയുന്നത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്തു ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെടുത്തത്. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയും സംഘവുമാണ് കത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.