കേരളത്തിലെ ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം

By: 600021 On: Jul 23, 2022, 3:14 AM

സംസ്ഥാനത്ത് ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. സ്കൂളുകൾക്ക് ആൺ-പെൺ വേർതിരിവ് വേണ്ടെന്നും അത് ലിംഗനീതി നിഷേധമാണെന്നുമാണ് ബാലാവകാശ കമ്മീഷന്റെ നിരീക്ഷണം. അഞ്ചൽ സ്വദേശിയായ ഡോ. ഐസക്ക് പോൾ നൽകിയ ഹർജിയിലാണ് ബാലാവകാശ കമ്മീഷൻ ചരിത്രപരമായ നിർദേശം നൽകിയിരിക്കുന്നത്.
 
ഇത് സംബന്ധിച്ച് 90 ദിവസത്തിനുള്ളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മറുപടി നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. സംസ്ഥാനത്തെ ബോയ്സ്-ഗേൾസ് സ്കൂളുകൾ പലതും നേരത്തെ തന്നെ മിക്സഡ് സ്കൂളുകളാക്കി മാറ്റിയിരുന്നു. നിലവിൽ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് കേരളത്തിലുള്ളത്.
 
ഒരു വർഷത്തിനുള്ളിൽ നിർദേശം നടപ്പിലാക്കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കൂടിയാലോചനകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ നടത്തുന്നുണ്ട്. ഉത്തരവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വരും ദിവസങ്ങളിൽ വ്യക്തമായേക്കാം.