ഡാളസ് കൗണ്ടിയില്‍ ചൂടേറ്റ് ആദ്യ മരണം- ശരീരത്തിലെ ജലാശം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് അധികൃതര്‍

By: 600084 On: Jul 22, 2022, 5:56 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : 2022 സമ്മര്‍ സീസണിലെ സൂര്യതാപമേറ്റ് ആദ്യമരണം സംഭവിച്ചതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ് ജൂലായ് 21 വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തു.

66 വയസ്സുള്ള ഒരു സ്ത്രീയാണ് മരിച്ചതെന്നും, വിശദ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കൗണ്ടി അധികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു മരണം സംഭവിച്ചതില്‍ ഖേദിക്കുന്നതായി ഡി.സി.എച്ച്. എച്ച്. എസ്. ഡയറക്ടര്‍ ഡോഫി ലിപ്പ് വാംഗ പറഞ്ഞു. ഈ സീസണില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ നേരിടാന്‍ എല്ലാവരും തയ്യാറായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

സൂര്യാഘാതം മൂലമുള്ള മരണം ഒഴിവാക്കുന്നതിന് ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും, താപനില ഉയര്‍ന്നിരിക്കുമ്പോള്‍ പുറത്തു സമയം ചിലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോ.ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. സി.ഡി.സി.യുടെ നിര്‍ദേശമനുസരിച്ചു, വീടിനകത്തു കൂടുതല്‍ സമയം ചിലവഴിക്കണമെന്നും, താപനില കുറയുമ്പോള്‍ കുറച്ചു സമയം പുറത്ത് തണല്‍ മരണങ്ങള്‍ക്ക് കീഴെ നില്‍ക്കണമെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും, പ്രാദേശിക വാര്‍ത്തകള്‍ ശ്രദ്ധിച്ചു, അധികൃതര്‍ നല്‍കുന്ന സുരക്ഷിതത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പു അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് സി.ഡി.സി.(CDC) വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും തുടര്‍ന്ന് അറിയിക്കുന്നു.