
ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തിറക്കിയ 2022-ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 87-ാം സ്ഥാനത്ത്.199 വ്യത്യസ്ത പാസ്പോർട്ടുകൾ, 227 വ്യത്യസ്ത യാത്രാ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സൂചികയാണിത്. ഈ വർഷത്തെ പാസ്‌പോർട്ട് റാങ്കിംങ്ങിൽ ജപ്പാൻ ആണ് മുന്നിൽ.
യാത്രാ വിവരങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് സൂക്ഷിക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെതാണ്. മിക്ക രാജ്യങ്ങളിലേക്കും ഇവ തടസമില്ലാതെ പ്രവേശനം നൽകുന്നുണ്ട്. ജാപ്പനീസ് പാസ്‌പോർട്ട് 193 രാജ്യങ്ങളിലേക്കാണ് തടസമില്ലാത്ത പ്രവേശനം നൽകുന്നത്. സിംഗപ്പൂരും ദക്ഷിണ കൊറിയയും 192 രാജ്യങ്ങളിലേക്കും പ്രവേശനം നൽകുന്നു.
നേപ്പാൾ, ഇന്തോനേഷ്യ, ഭൂട്ടാൻ, മക്കാവു എന്നിവയുൾപ്പെടെ 60 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ-ഫ്രീ/വിസ-ഓൺ-അറൈവൽ പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയുടെ പാസ്‌പോർട്ട് 87-ാം സ്ഥാനത്താണ്. 2021-ൽ 1.6 ലക്ഷത്തിലധികം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് അടുത്തിടെ സർക്കാർ കണക്കുകൾ സൂചിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അവരിൽ ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും (78,284) ഓസ്‌ട്രേലിയയിലേക്കും (23,533), കാനഡയിലേക്കും (21,597) യു.കെ യിലേക്കും (14,637) കുടിയേറിയിരുന്നു.
മൊബിലിറ്റി സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോർട്ടുകൾ റാങ്ക് ചെയ്യുന്നത്. മൊബിലിറ്റി സ്‌കോർ കൂടുന്തോറും പാസ്‌പോർട്ട് പവർ റാങ്ക് ഉയരും. വിസ രഹിത അല്ലെങ്കിൽ വിസ ഓൺ അറൈവൽ ഉപയോഗിച്ച് സ്വീകരിക്കുന്ന പാസ്‌പോർട്ടുകളുടെ എണ്ണം അനുസരിച്ചാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.