റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ അവസരം

By: 600021 On: Jul 22, 2022, 3:18 PM

റിസർവ് ബാങ്കിൽ സാധരണക്കാർക്കും അക്കൗണ്ട് തുടങ്ങാൻ അവസരം. ബാങ്ക് 2021 ൽ അവതരിപ്പിച്ച റീട്ടെയിൽ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് സാധാരണക്കാരായ നിക്ഷേപകർക്ക് തുടങ്ങാവുന്ന അക്കൗണ്ടാണ്. നിക്ഷേപകര്‍ക്ക് നേരിട്ട് ബോണ്ടുകള്‍ വാങ്ങാനായാണ് റിസര്‍വ് ബാങ്ക് റീട്ടെയിൽ ഡയറക്ട് ഗില്‍ട്ട് (ആർ.ഡി.ജി) അക്കൗണ്ട് ആരംഭിച്ചത്. ഇതുവഴി റിസര്‍വ് ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ട്, ട്രഷറി ബില്‍, സോവറിയൻ ​ഗോൾഡ് ബോണ്ടുകള്‍, സംസ്ഥാന വികസന വായ്പകള്‍ എന്നിവയിൽ നിക്ഷേപിക്കാൻ സാധിക്കും.
 
ഗവണ്മെന്റ് ആവശ്യങ്ങൾക്കായി ബാങ്ക് വായ്പകളിലേക്ക് പോകാതെ പണം സമാഹരിക്കാനാണ് ഗവണ്മെന്റ് ബോണ്ടുകൾ ഇറക്കുന്നത്. പണം കൊടുക്കുന്നതിന് തിരികെ നിക്ഷേപകന് നൽകുന്ന സർട്ടിഫിക്കറ്റാണ് ബോണ്ട്. ഹ്രസ്വ കാലയളവിലുള്ളവയെ ട്രഷറി ബില്ലുകളെന്നും ഒരു വര്‍ഷത്തിനു മുകളിൽ കാലാവധിയുള്ളവയെ ഗവണ്മെന്റ് ബോണ്ടുകളെന്നുമാണ് പറയുന്നത്. ബോണ്ടുകളിലെ പലിശ നിരക്കിനെ കൂപ്പൺ റേറ്റ് എന്നാണ് പറയുന്നത്.
 
ഒരു വർഷത്തെ ട്രഷറി ബില്ലിന് 6.28 ശതമാനമാണ് പലിശ നിരക്ക്. ബാങ്കുകളിൽ 5.3 ശതമാനം മാത്രമാണ് നൽകുന്നത്. നാല് വർഷം മുതൽ കാലാവധിയുള്ള ബോണ്ടുകളിൽ 7.18 ശതമാനം വരെ ആദായം ലഭിക്കും. ബാങ്കുകളിൽ ഏറ്റവും കൂടിയത് 6 ശതമാനത്തോളം പലിശ നിരക്കേ ലഭിക്കുകയുള്ളു. അതുകൊണ്ട് തന്നെ സുരക്ഷിത നിക്ഷേപം ലക്ഷ്യമിടുന്നവർക്ക് മികച്ച ഒരു മാർ​ഗമാണ് റിട്ടെയിൽ ​ഗിൽറ്റ് അക്കൗണ്ട്.
 
അക്കൗണ്ട് ആരംഭിക്കാനായി  https://rbiretaildirect.in/#/rdg-account-registration  എന്ന ലിങ്കിൽ പ്രവേശിച്ച ശേഷം ജോയിന്റ് അക്കൗണ്ട് ആണോ സിം​ഗിൾ അക്കൗണ്ട് ആണോ എന്ന് രേഖപ്പെടുത്തി പേര്, പാൻ നമ്പർ, ഇമെയിൽ അഡ്രസ്സ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.