
ഫോബ്സ് പുറത്തിറക്കിയ ലോകത്തിലെ ധനികരുടെ പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിക്ക് നാലാം സ്ഥാനം. ആസ്തിയിൽ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിനെ അദാനി പിന്നിലാക്കി. 115 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ബിൽ ഗേറ്റ്സിന്റെ ആസ്തി 104.2 ബില്യൺ ഡോളറാണ്. പട്ടികയിൽ ഒന്നാം സ്ഥാനം പതിവ് പോലെ ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് നേടി. രണ്ടാം സ്ഥാനത്ത് ആമസോണിന്റെ ജെഫ് ബെസോസും മൂന്നാം സ്ഥാനത്ത് ബർണാർഡ് അർനോൾട്ടുമാണ്.
9.3 ബില്യൺ ആസ്തിയുമായി 2008 ലാണ് അദാനി ആദ്യമായി ഫോബ്സ് പട്ടികയിൽ ഇടംനേടുന്നത്. അദാനി പോർട്ട്സ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവയാണ് കമ്പനികൾ. സാധനങ്ങൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും അദാനി എന്റർപ്രൈസസ് ആരംഭിക്കുന്നത് 1988 ലാണ്. 1994 ൽ മുന്ദ്ര പോർട്ടിൽ ഹാർബർ സൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര പോർട്ട്. 2009 ലാണ് അദാനി ഗ്രൂപ്പ് ഊർജ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. 2020 ൽ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74% ഓഹരിയും അദാനി സ്വന്തമാക്കിയിരുന്നു.