
ബ്രിട്ടീഷ് കൊളംബിയ ഹൗസിംഗ് മാർക്കറ്റിൽ വീട് വാങ്ങാനാഗ്രഹിക്കുന്നവരെ സഹായിക്കാനായി പ്രവിശ്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം അവതരിപ്പിക്കാനൊരുങ്ങുന്നു. 2023 ജനുവരി 1 മുതലാണ് പുതിയ നിയമ പരിരക്ഷകൾ പ്രാബല്യത്തിൽ വരുന്നത്. ഇതിന് മുന്നോടിയായി പരിരക്ഷകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. വ്യാഴാഴ്ച വാൻകൂവറിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രവിശ്യാ ധനമന്ത്രി സെലീന റോബിൻസൺ ഘട്ടം 1 ന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഇത്തരം നടപടികൾ രാജ്യത്ത് ആദ്യമായാണ് നടത്തുന്നത് എന്ന് അവർ കൂട്ടിച്ചേർത്തു.
ഭവന വിപണിയിൽ കൂടുതൽ റിസ്ക് എടുക്കുന്നതിൽ നിന്ന് വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിയമ നിർമാണത്തിലൂടെ എല്ലാ ഓഫറുകളും സ്വീകരിച്ചതിന് ശേഷവും ആളുകൾക്ക് വിട്ടുവീഴ്ചയില്ലാത്ത ഹോംബൈയർ പരിരക്ഷാ കാലയളവ് ലഭ്യമാകും. ഈ കാലയളവിൽ പിൻവാങ്ങാൻ ഉദ്ദേശിക്കുന്നവർ വാങ്ങുന്ന വിലയുടെ 0.25 ശതമാനം ഒരു റസിഷൻ ഫീസ് ആയി നൽകണം.
പദ്ധതി അന്തിമമാക്കുന്നതിന് മുമ്പ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി. ഹോം ഇൻസ്പെക്ടർമാർ, അപ്രൈസർമാർ, റിയൽറ്റർമാർ, നിയമ-സാമ്പത്തിക വിദഗ്ധർ എന്നിവരുമായി കൂടിയാലോചനകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു. നിയമത്തിന്റെ സാധ്യമായ പ്രത്യാഘാതങ്ങൾ പ്രവിശ്യ നിരീക്ഷിക്കുകയും ബി.സി.എഫ്.എസ്.എ യിൽ നിന്നുള്ള ഉപദേശം പഠിക്കുന്നത് തുടരുകയും ചെയ്യും.
പുതിയ സംവിധാനത്തിന്റെ ഫലമായി ബിഡ്ഡുകളിൽ 10 ശതമാനം വർധനവ് ഉണ്ടാവുമെന്ന് ബി.സി.ആർ.ഇ.എ നേരത്തെ പറഞ്ഞിരുന്നു. 140-ലധികം ഓഹരി ഉടമകളുമായുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് സംരക്ഷണ കാലയളവ് നിശ്ചയിച്ചതെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ആത്മവിശ്വാസം വളർത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ബി.സി.എഫ്.എസ്.എ യുടെ സി.ഇ.ഒ ആയ ബ്ലെയർ മോറിസൺ വാർത്താക്കുറിപ്പിൽ പറഞ്ഞു.