ടൊറന്റോ, വാന്‍കുവര്‍ വിപണികളില്‍ വീടുകളുടെ വില കുറയുന്നുണ്ടെങ്കിലും ഈ വിപണികളില്‍ വീട് വാങ്ങുന്നതിനാവശ്യമായ വരുമാനം ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന സ്ട്രെസ് ടെസ്റ്റ് നിരക്കുകളും മോര്‍ട്ട്ഗേജ് നിരക്കുകളുമാണ് വരുമാന നിരക്ക് ഉയര്‍ന്നു തന്നെ നില്ക്കാന് കാരണമാകുന്നത്.
റേറ്റ് ഹബ്ബില്‍(Ratehub.ca) നിന്നുള്ള പുതിയ ഡാറ്റ അനുസരിച്ച്, 20 ശതമാനം ഡൗണ്‍പേയ്മെന്റില്‍ ടൊറന്റോയിലും വാന്‍കുവറിലും ഒരു വീട് വാങ്ങാന്‍ 220,000 ത്തില്‍ കൂടുതല്‍ സമ്പാദിക്കേണ്ടതുണ്ട്. മാര്‍ച്ചിലെയും ജൂണ്‍ മാസത്തിലെയും കണക്കുകളാണ് സര്‍വേയ്ക്ക് പരിഗണിച്ചത്. ടൊറന്റോയില്‍ വീട് വാങ്ങുന്നവര്‍ക്ക് മാര്‍ച്ചിനെ അപേക്ഷിച്ച് 15,750 ഡോളര്‍ അല്ലെങ്കില്‍ ഏഴ് ശതമാനം കൂടുതല്‍ സമ്പാദിക്കണം. വാന്‍കുവറില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 31,730 അല്ലെങ്കില്‍ 16 ശതമാനം സമ്പാദിക്കേണ്ടതുണ്ട്.
കാനഡയിലെ മിക്ക നഗരങ്ങളിലും ഒരു വീട് വാങ്ങാന്‍ ആവശ്യമായ വാര്‍ഷിക വരുമാനം കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ശരാശരി 18,000 ഡോളര്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ചിനെ അപേക്ഷിച്ച് ജൂണ്‍ മാസത്തില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് ബീസിയിലെ വിക്ടോറിയയിലാണ്, 35,760 ഡോളര്‍( 23 ശതമാനം).