മങ്കിപോക്‌സ് രോഗം ചെറുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളമുള്ള കമ്യൂണിറ്റി സംഘടനകള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ ധനസഹായം ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കും ബൈസെക്ഷ്വല്‍ വ്യക്തികള്‍ക്കും മങ്കിപോക്‌സിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനും പ്രതിരോധിക്കുന്നതിനും ബോധവത്ക്കരണത്തിനുമാണ് ഫണ്ട് നല്‍കുന്നത്.
മോണ്‍ട്രിയലിലെ REZO കമ്യൂണിറ്റി ഓര്‍ഗനൈസേഷന് പ്രവിശ്യാ, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് 150,000 ഡോളര്‍ ലഭ്യമാക്കുമെന്ന് എണ്‍വയോണ്‍മെന്റ് മിനിസ്റ്റര്‍ സ്റ്റീവന്‍ ഗില്‍ബോള്‍ട്ട് പ്രഖ്യാപിച്ചു. ടൊറന്റോയിലെ എയ്ഡ്‌സ് കമ്മിറ്റി, മാക്‌സ് ഓട്ടവ(MAX Ottawa) എന്നീ സംഘടനകള്‍ക്ക് 100,000 ഡോളര്‍ വീതം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാന്‍കുവറിലെ രണ്ട് സംഘടനകള്‍ക്കും എഡ്മന്റണിലെ ഒരു സംഘടനയ്ക്കും ഫണ്ട് ലഭിക്കുമെന്ന് സൂചനയുണ്ട്. മങ്കിപോക്‌സ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധികള്‍ നേരിടാന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി 100,000 ഡോളര്‍ കരുതല്‍ നിക്ഷേപവും നടത്തും.
കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ വിലയിരുത്തല്‍ പ്രകാരം മങ്കിപോക്‌സ് പ്രധാനമായും സ്വവര്‍ഗാനുരാഗികളില്‍, പ്രത്യേകിച്ച് പുരുഷന്മാരുമായി അടുത്തിടപഴകുന്ന പുരുഷന്മാരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ രോഗം ആര്‍ക്കും പിടിപെടാം എന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, കാനഡയില്‍ 604 മങ്കിപോക്‌സ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ക്യുബെക്കിലും ഒന്റാരിയോയിലുമാണ്.