കാലിഫോര്‍ണിയയില്‍ സ്റ്റേറ്റ് ലേബര്‍ ലോ(ബില്‍ 5)ക്കെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന പ്രതിഷേധ സമരം ശക്തമായതോടെ ഓക്ക്ലന്‍ഡ് തുറമുഖത്തെ ചരക്കുനീക്ക പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. സമരം അവസാനിക്കുന്നതു വരെ തുറമുഖത്തെ ചരക്ക് നീക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി പോര്‍ട്ട് ഓഫ് ഓക്ക്ലന്‍ഡ് അറിയിച്ചു.
തിങ്കളാഴ്ച ആരംഭിച്ച പ്രതിഷേധ സമരത്തില്‍ നൂറുകണക്കിന് സ്വതന്ത്ര ബിഗ്-റിഗ് ട്രക്ക് ഡ്രൈവര്‍മാരുള്‍പ്പെടെ നൂറിലേറെപേരാണ് പങ്കെടുക്കുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ 10 തുറമുഖങ്ങളില്‍ ഒന്നാണിത്. അതിനാല്‍ തന്നെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം തുറമുഖത്തെ ടെര്‍മിനലുകളിലേക്കും പുറത്തേക്കുമുള്ള ചരക്ക് നീക്കത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മാത്രവുമല്ല, വിതരണ ശൃഖംലയില്‍ പ്രശ്നങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നു. പ്രധാന തുറമുഖങ്ങളിലും സമരം ബാധിക്കുന്നുണ്ട്. ചരക്ക് കപ്പലുകള്‍ എത്തി ഗതാഗത കുരുക്കുകള്‍ ഉണ്ടാവുകയും ഡോക്കില്‍ ചരക്കുകള്‍ സംഭരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്.
സമരം എപ്പോള്‍ അവസാനിക്കുമെന്നത് സംബന്ധിച്ച് പ്രതിഷേധക്കാരില്‍ നിന്ന് ഇതുവരെ സൂചനകളൊന്നുമില്ല.