ആല്‍ബെര്‍ട്ടയിലെ ലാക്‌സെറ്റെ അന്നെയിലെ തടാകത്തില്‍ പച്ച-നീല നിറങ്ങളിലുള്ള ആല്‍ഗകളെ കണ്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്. ലാക്‌സ്റ്റെ അന്നെയ്ക്ക് സമീപം കൂടുതല്‍ സമയം നില്‍ക്കാതിരിക്കുവാനും ജലാശയങ്ങളില്‍ ഇറങ്ങാനും നീന്തുവാനും ശ്രമിക്കരുതെന്ന് എഎച്ച്എസ് നിര്‍ദ്ദേശിച്ചു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തടാകത്തിലെ ജലവുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
കാനഡയില്‍ സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ലാക്‌സ്റ്റെയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നതിനു മുന്നോടിയായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാര്‍പാപ്പയെ കാണാന്‍ എത്തുന്നവര്‍ തടാകം സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ അപകടസാധ്യത കുറയ്ക്കാനായി സംഘാടകരുമായി ചേര്‍ന്ന് നടപടികളെടുക്കുമെന്ന് എഎച്ച്എസ് അറിയിച്ചു. അതേസമയം, തടാകത്തിന്റെ വലിപ്പം കാരണം ആല്‍ഗ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ആല്‍ഗകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥാപിക്കും.
നീല-പച്ച നിറങ്ങളിലുള്ള ആല്‍ഗകള്‍ സ്വാഭാവികമായി ഉണ്ടാകുന്ന സയനോബാക്ടീരിയകളാണ്. ഇവ പലപ്പോഴും ജലത്തിന്റെ ഉപരിതലത്തിലാണ് കാണപ്പെടുക. ആല്‍ഗകളുമായി സമ്പര്‍ക്കമുണ്ടാവുകയോ ഇവ നിറഞ്ഞ വെള്ളം കുടിക്കുകയോ ചെയ്യുന്നവരില്‍ തൊലിയിലും ചുണ്ടിലും ചുണങ്ങ്, പനി, ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം. ഈ ലക്ഷണങ്ങള്‍ രണ്ട് ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.