ഫ്‌ളൈറ്റ് കാലതാമസം: ക്യൂബയിലേക്കുള്ള യാത്ര മുടങ്ങിയ കാല്‍ഗറി കുടുംബത്തിന് റീഫണ്ട് നൽകുമെന്ന് സണ്‍വിംഗ് 

By: 600002 On: Jul 22, 2022, 6:54 AM

ഫ്‌ളൈറ്റ് കാലതാമസം നേരിട്ട് യാത്ര മുടങ്ങിയ കാല്‍ഗറിയില്‍ താമസിക്കുന്ന ഒരു കുടുംബത്തിന് മുഴുവന്‍ റീഫണ്ടും നല്‍കാമെന്ന് അറിയിച്ച് സണ്‍വിംഗ് എയര്‍ലൈന്‍. വിമാനം പുറപ്പെടുന്നതിലെ കാലതാമസവും കമ്പനിയുടെ മോശം കമ്യൂണിക്കേഷനും കാരണം ക്യൂബന്‍ യാത്ര മുടങ്ങിയ ഫ്രാന്‍സിസ്‌കോ പാല്‍മയ്ക്കും കുടുംബത്തിനുമാണ് മുഴുവന്‍ റീഫണ്ടും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ക്യൂബയില്‍ അവധിക്കാലം ചെലവിടാനാണ് ഫ്രാന്‍സിസ്‌കോ പാല്‍മയും മകള്‍ ജിയാന പാല്‍മയും അടങ്ങുന്ന സംഘം യാത്രയ്‌ക്കൊരുങ്ങിയത്. 

ക്യൂബയിലെ വെരാഡെറോയിലേക്ക് മൂന്ന് മാസം മുമ്പാണ് പാല്‍മ സണ്‍വിംഗ് ഫ്‌ളൈറ്റ് ബുക്ക് ചെയ്തത്. പോകാനുള്ള ദിവസമായ തിങ്കളാഴ്ച രാവിലെ 9.30 ന് കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ പാല്‍മ തങ്ങള്‍ക്ക് പോകാനുള്ള വിമാനം റീഷെഡ്യൂള്‍ ചെയ്തതായി കണ്ടെത്തി. അവര്‍ സണ്‍വിംഗിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചുകൊണ്ടിരുന്നെങ്കിലും ഫ്‌ളൈറ്റിന്റെ സമയം മാറിക്കൊണ്ടിരുന്നു. സമയം മാറ്റുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചില്ലെന്നും തങ്ങളുടെ യാത്ര മുടങ്ങിയെന്നും ആരോപിച്ച് പാല്‍മ എയര്‍ലൈന്‍ കമ്പനിയില്‍ പരാതിപ്പെട്ടു. 

തുടര്‍ന്ന്, ചൊവ്വാഴ്ച ഫ്‌ളൈറ്റ് ബോര്‍ഡിംഗ് ആണെന്നും വിമാനത്താവളത്തിലെത്താന്‍ 20 മിനുട്ട് ഉണ്ടെന്നും അറിയിച്ച് ഒരു കോള്‍ തങ്ങള്‍ക്ക് ലഭിച്ചതായി പാല്‍മ പറഞ്ഞു. ആ സമയത്തിനുള്ളില്‍ എത്താന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് വിമാനം നഷ്ടമായി. വിമാനം നഷ്ടമായ വിവരം അറിയിച്ച ഉടന്‍ സണ്‍വിംഗ് പാല്‍മയുമായി ബന്ധപ്പെട്ടു. യാതൊരു നിരക്കും കൂടാതെ ഇതര യാത്രാ ക്രമീകരണങ്ങള്‍ വാദ്ഗാനം ചെയ്‌തെങ്കിലും കുടുംബം അത് നിരസിച്ചു. പകരം അവര്‍ മുഴുവന്‍ റീഫണ്ടും ആവശ്യപ്പെടുകയും അത് നല്‍കാമെന്ന് സണ്‍വിംഗ് ഉറപ്പ് നല്‍കുകയുമായിരുന്നു. 

കുടുംബത്തിനുണ്ടായ അസൗകര്യത്തില്‍ സണ്‍വിംഗ് കമ്പനി ഖേദം പ്രകടിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ തങ്ങള്‍ ജീവനക്കാരുടെ കുറവ്, മറ്റ് സാങ്കേതിക തടസ്സങ്ങള്‍ എന്നിവ മൂലം പ്രതിസന്ധിയിലാണെന്നും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു.