പി പി ചെറിയാൻ, ഡാളസ്.
ചിക്കാഗൊ: മുന്‍ ഭര്‍ത്താവുമായുള്ള വിവാഹമോചനത്തെകുറിച്ചു സോഷ്യല്‍ മീഡിയായില്‍ പരസ്യപ്പെടുത്തിയ ചിക്കാഗൊയിലുള്ള പ്രമുഖ ഫോട്ടോഗ്രാഫര്‍ സാനിയാഖാനെ(29) വെടിവെച്ചു കൊലപ്പെടുത്തി.
ജോര്‍ജിയായില്‍ നിന്നും യാത്രചെയ്താണ് സാനിയഖാനെ വധിക്കാന്‍ മുന്‍ ഭര്‍ത്താവ് റഹീല്‍ അഹമ്മദ് (36) ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. തിങ്കളാഴ്ച വൈകീട്ട് അപ്പോര്‍ട്ട്‌മെന്റില്‍ എത്തിയ അഹമ്മദ് സാനിയായുമായി ഈ വിഷയത്തെകുറിച്ചു തര്‍ക്കിക്കുകയും ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
സമീപത്തുള്ള ആരോ ശബ്ദം കേട്ട് വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വീണ്ടും വെടിയൊച്ച കേട്ടു. തുറന്നു നോക്കിയപ്പോള്‍ അഹമ്മദ് വാതിലിനു സമീപവും, സാനിയ തലയ്ക്കും കഴുത്തിനും വെടിയേറ്റു ബഡ്‌റൂമിലുമായിരുന്നു.
സംഭവസ്ഥലത്തുവെച്ചു തന്നെ സാനിയ മരിച്ചിരുന്നു. അഹമ്മദിനെ നോര്‍ത്ത് വെസ്‌റ്റേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2021 ജൂണില്‍ ചാറ്റിനോഗയില്‍ നിന്നാണ് പ്രൊഫ്ഷണല്‍ ഫോട്ടോഗ്രാഫറായ സാനിയ ചിക്കാഗോയിലേക്ക് താമസം മാറ്റിയതു വിവാഹജീവിതത്തില്‍ തനിക്കനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ ടിക്ടോക്കിലൂടെ സാനിയാ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹമ്മദിനെ പ്രകോപിപ്പിച്ചത്. സാനിയായുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കുള്ള ചിലവിലേക്ക് ഗൊ ഫണ്ട് മീ പേജ് തുറന്നിട്ടുണ്ട്.