ഉത്തേജകമരുന്ന് ഉപയോഗം; രണ്ട് ഇന്ത്യൻ താരങ്ങൾക്ക് കോമൺവെൽത്ത് ഗെയിംസിൽ വിലക്ക്

By: 600021 On: Jul 21, 2022, 4:24 PM

ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട രണ്ട് താരങ്ങൾക്ക് വിലക്ക്. രക്തത്തിൽ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ സ്പ്രിൻ്റർ എസ്. ധനലക്ഷ്മി, ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബു എന്നിവരെയാണ് ഗെയിംസിൽ നിന്ന് വിലക്കിയത്. ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ഉള്ള തീരുമാനം  ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
 
24 കാരിയായ ധനലക്ഷ്മിയുടെ രക്തത്തിൽ നിരോധിക്കപ്പെട്ട സ്റ്റെറോയിഡിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബനി നന്ദ എന്നിവർക്കൊപ്പം 4*100 മീറ്റർ റിലേയിലും 100 മീറ്റർ ഓട്ടത്തിലുമാണ് ഇവർ മത്സരിക്കേണ്ടിയിരുന്നത്. അത്‌ലറ്റിക്സ് ഇൻ്റഗ്രിറ്റി യൂണിറ്റാണ് ധനലക്ഷ്മിയുടെ ടെസ്റ്റ് നടത്തിയത്. നാഷണൽ ആൻ്റി ഡോപ്പിംഗ് ഏജൻസിയാണ് ഐശ്വര്യയെ ടെസ്റ്റ് ചെയ്തത്. ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലുമാണ് ഐശ്വര്യ മത്സരിക്കാനിരുന്നത്.