റെനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡന്റ്

By: 600021 On: Jul 21, 2022, 4:16 PM

ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 219ൽ 134 വോട്ടുകൾ നേടി റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റായി. എന്നാൽ, ഭൂരിപക്ഷം വരുന്ന പ്രക്ഷോഭകരും റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ്. രാജ്യത്ത് പ്രതിഷേധം തുടരുമെന്ന സൂചനയാണ് പ്രക്ഷോഭകർ നൽകുന്നത്. ഗോതബയ രജപക്സെയുടെ രാജിക്കൊപ്പം റെനിൽ വിക്രമസിംഗെ കൂടി രാജിവെക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. 
 
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിന്മാറിയിരുന്നു. ഭരണകക്ഷി പാർട്ടിയിൽ നിന്ന് തെറ്റിയ മുൻമന്ത്രി ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗേയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ശ്രീലങ്കൻ സുപ്രിംകോടതി തള്ളിയിരുന്നു.
 
ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്കൊപ്പം മുൻമന്ത്രി ഡളസ് അളഹപെരുമ, ജനതാ വിമുക്തി പേരമുന പാർട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. അവസാന നിമിഷം വരെ സജിത്ത് പ്രേമദാസ മത്സരരംഗത്ത് ഉണ്ടായിരുന്നു.