കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്ക് വര്‍ധിക്കുന്നതായി റിപ്പോർട്ട്‌

By: 600021 On: Jul 21, 2022, 3:59 PM

2020 ലെ വാര്‍ഷിക സ്ഥിതി വിവരക്കണക്കിന്റെ അടിസ്ഥാനത്തിൽ  കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉള്ളതായി കണ്ടെത്തി. 1000 പുരുഷന്മാര്‍ക്ക് 968 സ്ത്രീകള്‍ എന്ന നിരക്കിലാണ് കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം. ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2019 ൽ 1000 പുരുഷന്മാര്‍ക്ക് 960 സ്ത്രീകൾ എന്നായിരുന്നു കണക്ക്. 2018 ൽ അത് 963 ആയിരുന്നു. 2011 ൽ 1000 പുരുഷന്മാർക്ക് 939 എന്നതായിരുന്നു അനുപാതം. 2020 ഇൽ ആകെ ജനിച്ച 4,46,891 കുട്ടികളിൽ  2,19,809 പേർ പെണ്‍കുട്ടികളും 2,27,053 പേർ ആണ്‍കുട്ടികളുമാണ്. 29 കുട്ടികളുടെ ലിംഗം രേഖപ്പെടുത്തിയിട്ടില്ല.
 
ജനന നിരക്ക് കൂടുതലായി  നഗരങ്ങളിലാണ് രേഖപെടുത്തിയിരിക്കുന്നത്. 2020 ല്‍ ഗ്രാമങ്ങളില്‍ 1,38,910 കുട്ടികളും  നഗരത്തില്‍ 3,07,981 കുട്ടികളും ജനിച്ചു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഉള്ളതിനാല്‍ മുഴുവന്‍ ജനസംഖ്യയുടെയും ലിംഗാനുപാതം എസ്.ആര്‍.ബി യില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്പമെന്റ് ചെയര്‍മാന്‍ എസ് ഇരുദയ രാജന്‍ പറഞ്ഞു
 
19 വയസോ അതില്‍ കുറവോ പ്രായമുള്ള ഗര്‍ഭം ധരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. 2019 ല്‍ ഇത് 20,998 ആയിരുന്നത് 2020 ല്‍ 17,202 ആയി കുറഞ്ഞു. ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ ജനനം നടന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന ആകെ പ്രസവങ്ങളില്‍ 57.69 ശതമാനവും സാധാരണ പ്രസവമായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ 42.93 ശതമാനം ശസ്ത്രക്രിയയിലൂടെയാണ് നടന്നത്.