ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവെന്ന് ആഭ്യന്തര മന്ത്രാലയം

By: 600021 On: Jul 21, 2022, 3:34 PM

ഇന്ത്യയുടെ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് അനുഭവപ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം. 2021-ൽ 1.63 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരാണ് പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 
ഇന്ത്യക്കാരായ നിരവധി പേര്‍ പൗരത്വം ഉപേക്ഷിച്ച് സ്ഥിര താമസത്തിനു വേണ്ടി യു.എസ് തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യു.എസ് പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 2020 ല്‍ 30,828 ആയിരുന്നത് 2021 ല്‍ 78,284 ആയി വര്‍ധിച്ചിട്ടുണ്ട്.
2021ൽ 1,63,370 ഇന്ത്യക്കാരാണ് ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ചത്. 2019, 2020 വർഷങ്ങളിൽ ഇത് 144017, 85256 എന്നിങ്ങനെയായിരുന്നു.  കൂടുതൽ ഇന്ത്യക്കാർ തെരഞ്ഞെടുക്കുന്ന രാജ്യം യു.എസ് ആണ്. ഓസ്‌ട്രേലിയയാണ് രണ്ടാമത്. ഏകദേശം 13,518 പേരാണ് ഓസ്‌ട്രേലിയയിലേക്ക് മാറാനായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. ഇതിനു മുമ്പ് പഠനത്തിനും ഉയർന്ന ജീവിത സൗകര്യങ്ങൾക്കുമായി കൂടുതല്‍ ഇന്ത്യക്കാര്‍ തെരഞ്ഞെടുത്തിരുന്ന രാജ്യം കാനഡയായിരുന്നു. 21,597 പേരാണ് 2021ല്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്. യു.കെ, ഇറ്റലി, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ജര്‍മനി, നെതര്‍തന്‍ഡ്‌സ്, സ്വീഡന്‍ തുടങ്ങിയവാണ് ഇന്ത്യക്കാർ തെരഞ്ഞെടുക്കാൻ ഇഷ്ടപെടുന്ന മറ്റു രാജ്യങ്ങൾ.