ഇന്ത്യയിലെ ഏറ്റവും വിലയേറിയ വീട് ഡിമാര്‍ട്ട് രാധാകിഷന്‍ ദമാനിക്ക് സ്വന്തം

By: 600021 On: Jul 21, 2022, 3:27 PM

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് സ്വന്തമാക്കി അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ (ഡിമാര്‍ട്ട്) സ്ഥാപകനും സി.ഇ.ഒ യുമായ രാധാകിഷന്‍ ദമാനി. മുംബൈയിലെ മലബാര്‍ ഹില്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,001 കോടി രൂപയ്ക്കാണ് ദമാനി വാങ്ങിയത്. 90 വര്‍ഷം പഴക്കമുള്ള വീടിന് 5,752 ചതുരശ്ര മീറ്റർ വലിപ്പമുണ്ട്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക പ്രകാരം 19.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ദമാനി ലോകത്തിലെ 72-ാമത്തെ ധനികനാണ്.
 
റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ കെ രഹേജ കോര്‍പ്പ് പ്രൊമോട്ടേഴ്‌സിന്റെ പ്രൊമോട്ടര്‍മാരായ രവിയുടെയും നീല്‍ രഹേജയുടെയും ഉടമസ്ഥതയിലാണ് ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ പ്രോപ്പര്‍ട്ടി ഉള്ളത്. ഹൈഎന്‍ഡ് വോര്‍ലി ഏരിയയില്‍ 66,811 ചതുരശ്ര അടി വലുപ്പമുള്ള മൂന്ന് ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ടുമെന്റുകള്‍ 427 കോടി രൂപയ്ക്കാണ് കുടുംബം വാങ്ങിയത്.
 
ആകാശ് എജ്യുക്കേഷണല്‍ സര്‍വീസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജെ.സി.ചൗധരി ഡല്‍ഹിയില്‍ വീട് വാങ്ങാന്‍ 150 കോടി ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റ ഏറ്റവും വിലപിടിപ്പേറിയ അഞ്ചാമത്തെ വീടായിരുന്നു ഇത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ 76 കോടി രൂപയുടെ വീട് വാങ്ങിയിരുന്നു.