അട്ടപ്പാടി മധു കേസ് : മൊഴിമാറ്റിയ വനം വകുപ്പ് വാച്ചറെ പിരിച്ച് വിട്ടു

By: 600021 On: Jul 21, 2022, 3:13 PM

അട്ടപ്പാടി മധു കൊലപാതക കേസിൽ മൊഴി മാറ്റി പറഞ്ഞ വനം വകുപ്പ് വാച്ചറെ പിരിച്ച് വിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെയാണ് പിരിച്ച് വിട്ടത്. മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായിരുന്നു അനിൽ കുമാർ. വിചാരണ തുടങ്ങിയ വേളയിൽ തന്നെ  സാക്ഷിയായ അനിൽ കുമാർ കൂറുമാറുകയായിരുന്നു. മധുവിനെ അറിയില്ല എന്നും നേരത്തെ പൊലീസ് സമ്മർദത്തിലാണ് കോടതിയിൽ മൊഴി നൽകിയതെന്നുമാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.
 
മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ്.എം.മേനോനെ ഗവണ്മെന്റ് നിയോഗിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വിചാരണ പുനരാരംഭിച്ചത്. നേരത്തെ പത്ത്, പതിനൊന്ന് സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അന്നത്തെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേന്ദ്രനെ മാറ്റുകയും അഡീ.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനെ നിയമിക്കുകയും ചെയ്തത്.